oxygen

കൊച്ചി: കൊവിഡ് കേസുകളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ, ആശുപത്രികൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ നടപടികളുമായി കോർപ്പറേറ്റ് കമ്പനികളും. റിലയൻസ് ഇൻഡ്സ‌ട്രീസ്, ടാറ്റാ ഗ്രൂപ്പ്, വേദാന്ത, ജെ.എസ്.ഡബ്ള്യു,, ആഴ്‌സലർ മിത്തൽ നിപ്പോൺ സ്‌റ്റീൽ, ഇഫ്‌കോ, പാരദ്വീപ് ഫോസ്‌ഫേറ്റ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., ഐ.ടി.സി തുടങ്ങിയവയാണ് ഓക്‌സിജൻ ഉത്‌പാദനത്തിനും വിതരണത്തിനുമായി ഊർജിതമായി രംഗത്തുള്ളത്. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ (സി.എസ്.ആർ) ഉൾപ്പെടുത്തി സൗജന്യമായാണ് ഇവ ഓക്‌സിജൻ വിതരണം ചെയ്യുന്നത്.

2019ൽ ഇന്ത്യയുടെ ഓക്‌സിജൻ ആവശ്യകത പ്രതിദിനം 700 ടണ്ണായിരുന്നു. കൊവിഡിന്റെ ഒന്നാംതരംഗത്തിൽ ഇന്ന് നാലുമടങ്ങ് വർദ്ധിച്ചു. രണ്ടാംതരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമായതോടെ, ആവശ്യകത പ്രതിദിനം 5,500 ടണ്ണാണ്. മുംബയ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്. നിലവിൽ ഇന്ത്യയിലെ പ്രതിദിന ഓക്‌സിജൻ ഉത്പാദനം 7,800 ടണ്ണാണ്. അതായത്, നിലവിലെ ഡിമാൻഡിനേക്കാൾ കൂടുതൽ ഉത്‌പാദനം നടക്കുന്നുണ്ട്.

പക്ഷേ, വിതരണശൃംഖലയിലെ തടസങ്ങളും കണ്ടെയ്‌നർ, ടാങ്കർ, സിലിണ്ടർ എന്നിവയുടെ കുറവുമാണ് തിരിച്ചടിയാകുന്നത്. ടാങ്കറുകൾ നിറയ്ക്കാനെടുക്കുന്ന സമയവും തിരിച്ചടിയാണ്.

റെയിൽവേ, വ്യോമസേന എന്നിവയുടെ സഹകരണത്തോടെ ഓക്‌സിജൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം നടപടിയെടുത്തിട്ടുണ്ട്. വ്യവസായ മേഖലയിലെ അധികമുള്ള സിലിണ്ടറുകൾ ആശുപത്രികളിലേക്ക് കൈമാറണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷന്റെ (പി.ഇ.എസ്.ഒ) കണക്കുപ്രകാരം രാജ്യത്തുള്ളത് 2,300 ഓക്‌സിജൻ ടാങ്കറുകളാണ്. എന്നാൽ, ഇതിന്റെ അഞ്ചിരട്ടി ഡിമാൻഡ് ഇപ്പോഴുണ്ട്. 15 ടണ്ണാണ് ഒരു ടാങ്കറിന്റെ ശരാശരി ശേഷി. ഒരോ ടാങ്കറും മൊത്തമായി നിറയ്ക്കാൻ ശരാശരി മൂന്നു മണിക്കൂർ വേണം. അതായത്, ഒരു പ്ളാന്റിൽ ഒരുദിവസം ശരാശരി എട്ട് ടാങ്കറുകളേ നിറയ്ക്കാനാകൂ. പ്ളാന്റുകളിൽ നിന്ന് ഇവ വിവിധ ആശുപത്രികളിലേക്ക് മാറ്റാനുള്ള യാത്രാസമയം മൂന്നു മുതൽ 36 മണിക്കൂർ വരെയാണ്.

 റിലയൻസ് ഇൻഡസ്‌ട്രീസ്

ഗുജറാത്തിലെ ജാംനഗർ ഓയിൽ റിഫൈനറിയിൽ മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ

ഉത്പാദനം പ്രതിദിനം 100 ടണ്ണിൽ നിന്ന് 700 ടണ്ണിലേക്ക് ഉയർത്തി. ഇതു വൈകാതെ ആയിരം ടണ്ണിലേക്ക് ഉയർത്തും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാനങ്ങൾക്ക് സൗജന്യമായാണ് ഓക്‌സിജൻ നൽകുക.

 ടാറ്റാ ഗ്രൂപ്പ്

ഓക്‌സിജൻ വിതരണം സുഗമവും വേഗത്തിലുമാക്കാനായി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യും. ഇതിനകം ടാറ്റാ സ്‌റ്റീൽ രാജ്യത്തെ വിവിധ ആശുപത്രികൾക്ക് 300 ടൺ ഓക്‌സിജൻ കൈമാറി.

 ജെ.എസ്.ഡബ്ള്യു

ഇതിനകം 185 ടൺ ഓക്‌സിജൻ ആശുപത്രികൾക്ക് കൈമാറി. ഇതു ഉടൻ 400 ടണ്ണിലേക്ക് ഉയർത്തും.

 ഐ.ടി.സി

20 ടൺ വീതം ശേഷിയുള്ള 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഉടൻ ഇറക്കുമതി ചെയ്യും. ഭദ്രാചലം പ്ളാന്റിൽ നിന്ന് ഓക്‌സിജൻ വിതരണവും തുടങ്ങി.

 ഐ.ഒ.സി., ബി.പി.സി.എൽ

ഇന്ത്യൻ ഓയിൽ 150 ടൺ, ബി.പി.സി.എൽ 100 ടൺ എന്നിങ്ങനെ ഓക്‌സിജൻ വിതരണം ആരംഭിച്ചുകഴിഞ്ഞു.

 വേദാന്ത

തൂത്തുക്കുടിയിലെ പ്ളാന്റ് തുറക്കാൻ അനുവദിച്ചാൽ പ്രതിദിനം ആയിരം ടൺ ഓക്‌സിജൻ ലഭ്യമാക്കാമെന്നാണ് കമ്പനി പറയുന്നത്. ഇവിടെ രണ്ട് ഉത്പാദന യൂണിറ്റുകളുണ്ട്.