ലണ്ടൻ: ഇംഗ്ലണ്ടിലെ പെൻസാൻസിൽ കടലിൽ മീൻപിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളിയായ ടോം ലാംബേണിന് ലഭിച്ചത് നീല നിറമുള്ല കൊഞ്ചിനെ... ഒരടി നീളമുള്ള കൊഞ്ചാണിത്. കൊഞ്ചിന്റെ ചിത്രങ്ങൾ പകർത്തിയശേഷം ടോം അതിനെ കടലിലേക്കു തന്നെ തിരികെ വിട്ടു.
ഇതാദ്യമായാണ് കടലിൽ നിന്നും അപൂർവമായ ഒരു ജീവിയെ തനിക്ക് ലഭിക്കുന്നത് എന്ന് ടോം വ്യക്തമാക്കി. കൊഞ്ചുകളെ പിടിക്കുന്നതിന് നിശ്ചിത വലുപ്പം വേണമെന്നാണ് കോൺവാളിലെ നിയമം. തനിക്ക് ലഭിച്ച കൊഞ്ചിന് നിയമപ്രകാരമുള്ള വലുപ്പം എത്തിയിട്ടില്ലാത്തതിനാലാണ് തിരികെ കടലിലേക്കു വിട്ടത്. കൊഞ്ചിന്റെ ചിത്രങ്ങൾ ഉടൻ തന്നെ നാഷണൽ ലോബ്സ്റ്റർ ഹാച്ചറിക്ക് അയച്ചുകൊടുക്കുകയായിരുന്നു. 20 ലക്ഷത്തിൽ ഒരെണ്ണത്തിന് മാത്രമാണ് ഈ അപൂർവ നിറം ഉണ്ടാവുകയെന്ന് നാഷണൽ ലോബ്സ്റ്റർ ഹാച്ചറിയുടെ വക്താവ് വ്യക്തമാക്കി.
ജനിതകപരമായ തകരാർ മൂലമാണ് കൊഞ്ചുകൾക്ക് നീല നിറം ലഭിക്കുന്നതെന്ന് കണക്ടിക്കട്ട് സർവകലാശാലയിലെ പ്രൊഫസറായ റൊണാൾഡ് ക്രിസ്റ്റൻസെൻ കണ്ടെത്തിയിരുന്നു. നിറവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഇരപിടിയന്മാർക്ക് ഇവയെ വേഗത്തിൽ കണ്ടെത്താനാവും. നീല കൊഞ്ചുകളുടെ എണ്ണം കുറയുന്നതിന് ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. നീല കൊഞ്ചുകളെ കണ്ടെത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പലരുടെയും വിശ്വാസം. അതിനാൽ ഇവയെ പിടികൂടിയാലും അധികമാരും ഭക്ഷണമാക്കാറില്ല.