തൃശൂർ: ദന്തഡോക്ടർ ഡോ. സോനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പാവറട്ടി മനപ്പടി വെളുത്തേടത്ത് വീട്ടിൽ മഹേഷ് (41) ജീവനൊടുക്കിയത് ജാമ്യം തള്ളി പിടിയിലാകുമെന്ന് ഉറപ്പായതോടെ. കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സർക്കാരും വീട്ടുകാരും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. തുടർന്ന് ഒളിവിൽ പോയ ഇയാൾ രണ്ടു ദിവസമായി ചോറ്റാനിക്കരയിലെ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുറിയെടുത്ത ഇയാളെ പിന്നീട് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
പാവറട്ടിയിലെ വീട്ടിൽ അടുത്തകാലത്തൊന്നും മഹേഷ് എത്തിയിട്ടില്ലെന്ന് പറയുന്നു. വീട്ടുകാരുമായി ബന്ധവുമില്ല. മഹേഷ് കൊവിഡ് ബാധിതനാണെന്ന് ഒല്ലൂർ പൊലീസ് പറഞ്ഞു. സംസ്കാരം പിന്നീട് നടക്കും. കഴിഞ്ഞ വർഷം സെപ്തംബർ 29നാണ് സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന കൂത്താട്ടുകുളം വലിയകുളങ്ങര വീട്ടിൽ ഡോ. സോനയെ കുത്തിക്കൊന്നത്. ഒളിവിൽ പോയ മഹേഷിനെ ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പിടികൂടുകയായിരുന്നു.
ചികിത്സയിലായിരുന്ന ഡോ. സോന, ഒക്ടോബർ നാലിന് മരിച്ചു. രണ്ട് വർഷമായി തൃശൂർ കുട്ടനെല്ലൂരിൽ സ്വന്തമായി ഡെന്റൽ ക്ളിനിക്ക് നടത്തിവരികയായിരുന്നു സോന. ക്ളിനിക്കിൽ, വാക്കുതർക്കത്തിനിടെ സോനയുടെ ബന്ധുക്കളുടെയും മഹേഷിന്റെ സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് കത്തികൊണ്ട് മഹേഷ് കുത്തുകയായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ കേസിൽ ഒല്ലൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സെഷൻസ് കോടതി മഹേഷിന്റെ ജാമ്യം തള്ളിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മഹേഷിന്റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.
സോനയെ കൊലപ്പെടുത്താൻ മഹേഷിനെ പ്രേരിപ്പിച്ചത് പണം തിരികെ ചോദിച്ചതും പൊലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യവുമാണെന്നാണ് നിഗമനം. ഭർത്താവുമായി പിരിഞ്ഞ ഡോ. സോന, അവിവാഹിതനായ മഹേഷുമായി രണ്ട് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നിരുന്നു. ഇതിനിടെ പൊരുത്തക്കേടുകൾ തുടങ്ങി. മാസങ്ങളായി സോനയെ മഹേഷ് പീഡിപ്പിച്ച് തടങ്കലിൽ വച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
മാതാപിതാക്കളുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. സോനയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ഇയാൾ കൈവശപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുന്നതിന് കുറച്ചു ദിവസം മുമ്പാണ് സോന വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതും വിഷയത്തിൽ ബന്ധുക്കൾ ഇടപെട്ടതും. പഠനശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ സോന അകന്നു.
തുടർന്ന് വിദേശത്ത് ഉൾപ്പെടെ ജോലി ചെയ്തെങ്കിലും ഇതിനിടെ മഹേഷ് സൗഹൃദം സ്ഥാപിച്ചിരുന്നു. മഹേഷിന്റെ പ്രേരണയിലാണ് കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക്ക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടുപിടിച്ചതടക്കം സഹായം ചെയ്തതും മഹേഷായിരുന്നു.