pinarayi-vijayan

തിരുവനന്തപുരം: വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വാക്സിന് മൂന്നു വിലയാണ് രാജ്യത്ത് ഈടാക്കാൻ പോകുന്നത്. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികൾക്ക് 600 എന്നിങ്ങനെയാണ് വില. സിറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിച്ച വില പോലും കൂടുതലാണ്. ഇതിലും കുറഞ്ഞ വിലയ്ക്കാണ് മിക്ക വിദേശ രാജ്യങ്ങൾക്കും സിറം, വാക്സിൻ നൽകുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കൊവിഷീൽഡ് വാക്സിൻ ഡോസിന് സ്വകാര്യ ആശുപത്രി 600 രൂപ നൽകണം. അങ്ങിനെ വന്നാൽ ലോകത്ത് ഏറ്റവും ഉയർന്ന വില വാക്സിന് നൽകുന്ന രാജ്യമായി നമ്മുടെ രാജ്യം മാറും. ഇവിടെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബംഗ്ലാദേശ് നേരിട്ട് വാക്സിൻ വാങ്ങുന്നത് നാലു ഡോളർ നൽകിയിട്ടാണ്. അത് ഏകദേശം 300 രൂപ വരും. സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി വാക്സിന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് വാക്സിൻ വിതരണം ആരംഭിച്ചപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടാക്കുന്നുവെന്ന് പറഞ്ഞ ആ നിരക്ക് പിന്നെങ്ങനെയാണ് ഇത്ര കണ്ട് മാറിയത്. വാക്സിന് വിലയീടാക്കുന്നത് ന്യായമല്ല, ഇപ്പോഴത്തെ വില ന്യായവിലയല്ല. ഇത് പറഞ്ഞ് ഇന്നും പ്രധാനമന്ത്രിക്ക് വാർത്തകളുടെ അടിസ്ഥാനത്തിൽ കത്തയച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിൻ ചലഞ്ചിൽ പ്രതിപക്ഷ നേതാവിനും കേന്ദ്ര സഹമന്ത്രിക്കും മറുപടി കൊടുക്കാതിരിക്കുന്നതാണ് ഭേദം. ഇതൊരു വലിയ ദുരന്തമാണ്. അത് നേരിടുന്ന ഘട്ടമാണ്. വാക്സിൻ എല്ലാവർക്കും ലഭ്യമാക്കും. അതിന് പൈസ കൊടുക്കണമെന്ന ഘട്ടം വന്നപ്പോൾ ആളുകൾ സ്വയമേ മുന്നോട്ട് വന്നതാണ്. യുവജനങ്ങളാണ് ഇതിന് മുൻകയ്യെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.