ന്യൂഡൽഹി : രാജ്യത്തെ പുതിയ വാക്‌സിൻ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾ നേരിട്ട് വാക്‌സിൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിനേഷൻ സെന്ററുകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
50 ശതമാനം വാക്‌സീൻ സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങണമെന്ന പുതിയ വാക്സിൻ നയത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശങ്ങൾ. സംസ്ഥാനങ്ങൾ വാക്‌സുൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് ആദ്യ പരിഗണന നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു. 18 വയസിന് മുകളിലുള്ളവർക്കുള്ള അടുത്ത വാക്സിനേഷൻ മേയ് ഒന്നിന് തുടങ്ങാനിരിക്കെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ ഉള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വയ്ക്കുന്നു. സ്വകാര്യ ആശുപത്രികളും, സ്വകാര്യ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിച്ച് കൂടുതൽ വാക്‌സീൻ കേന്ദ്രങ്ങൾ ഒരുക്കണം.
വാക്‌സിൻ വാങ്ങിയിട്ടുള്ള സ്വകാര്യ ആശുപത്രികളെ കൊവിൻ ആപ്പിൽ പ്രത്യേകം രേഖപ്പെടുത്തണം. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അവരുടെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.