തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചും കേരള സർക്കാരിനെ പിന്തുണച്ചും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് മുസ്ലിം ലീഗിന്റെയും പ്രതിപക്ഷത്തിന്റെയും പൂർണ പിന്തുണയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന ചെയ്യാം. അതിലാർക്കും എതിർപ്പില്ല. നാളെ വേറൊരു മുഖ്യമന്ത്രി വന്നാൽ ആ ഫണ്ട് ആ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയും സർക്കാറും എടുക്കുന്ന ഇനിഷ്യേറ്റീവിന് പ്രതിപക്ഷം പൊതുവിൽ പിന്തുണ കൊടുക്കും. അതാണ് ഞങ്ങളുടെ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. അവനവന്റെ പൗരന്മാരെ നോക്കിട്ടല്ലേ പേരെടുക്കൽ. മറ്റുരാജ്യങ്ങൾ ആദ്യം നോക്കിയത് അവരവരുടെ കാര്യമാണ്. അങ്ങനെ വാക്‌സിൻ പരമാവധി തങ്ങളുടെ രാജ്യത്ത് ലഭ്യമാക്കാനാണ് അവർ ശ്രദ്ധിച്ചത്. അക്കാര്യത്തിൽ കേന്ദ്രസർക്കാരിന് വീഴ്ചപറ്റി. അതിന്റെ പരിണിതഫലമാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.