മുംബയ്: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി) മുൻ അദ്ധ്യക്ഷനുമായ അരുൺ നിഗവേക്കർ അന്തരിച്ചു. 79 വയസായിരുന്നു. കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നും വെള്ളിയാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യമെന്നും ബന്ധുക്കൾ പറഞ്ഞു.
വിദ്യാഭ്യാസ- ഭൗതിക ശാസ്ത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ അദ്ദേഹം 2000-2005 കാലയളവിൽ യു.ജി.സി അദ്ധ്യക്ഷനായിരുന്നു. 1998-2000ൽ പൂനെ സാവിത്രിബായി ഫുലെ സർവകലാശാല വൈസ് ചാൻസലറായിരുന്നു. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ (നാക്) സ്ഥാപിക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച നിഗവേക്കർ 'നാകി'ന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു.