ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം. കൊവിഡ് ബാധിതനായ അദ്ദേഹത്തെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. കാപ്പന് കൃത്യമായ ചികിത്സ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.
കാപ്പന്റെ ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. ചങ്ങലകൊണ്ടാണ് അദ്ദേഹത്തെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നത്. ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കുന്നില്ല. മൂത്രമൊഴിക്കാനായി കുപ്പിയാണ് നൽകിയത്. നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. എന്നാൽ കാപ്പൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞതെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാപ്പന് കൊവിഡ് സ്ഥിരീകരിച്ച വിവരം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്‍റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെ.യു.ഡ.ബ്ല്യൂ.ജെ ഡൽഹി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പ്രമേഹമടക്കമുളള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ദ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിരുന്നു. നിലവില്‍ കാപ്പനെ മഥുര ജയിലില്‍ നിന്ന് ഉത്തർപ്രദേശിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.