ഫത്തോർഡ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ടെഹാറാൻ ക്ലബായ പെർസ്പോളിസിനെതിരെ എഫ്.സി ഗോവയ്ക്ക് വമ്പൻ തോൽവി.
മറുപടിയില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഗോവ തോറ്റത്. ഗോവയുടെ സ്റ്റേഡിയമായ ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർ ലാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. പെർസ്പോളിസിനെതിരെ അവരുടെ തട്ടകത്തിൽ നടന്ന 1-2ന് തോറ്റ ടീമിൽ നിരവധി മാറ്റങ്ങളുമായാണ് ഫറ്റോർഡയിൽ ഗോവൻ കോച്ച് ദുവാൻ ഫെറാൻഡോ ടീമിനെ ഇറക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഒന്നും ഫലം കണ്ടില്ല.
24-ാം മിനിട്ടിൽ ഷഹ്രിയാർ മോഘൻലൗ പെർസ്പോളിസിനായി ആദ്യ ഗോൾ നേടി. 43-ാം മിനിട്ടിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെഹ്ദി ടോറാബി ടീമിന്റെ ലീഡ് രണ്ടാക്കി.
രണ്ടാം പകുതിയിൽ 47-ാം മിനിട്ടിൽ ഇസ്സ അലെകാസിലാണ് മൂന്നാം ഗോൾ നേടിയത്. 58-ാം മിനിട്ടിൽ കമാൽ കാമ്യാബിനിയ പെർസ്പോളിസിന്റെ നാലാം ഗോളും നേടുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ഗോവ. നാളെ അൽ റയാനെതിരെയാണ് ഗോവയുടെ അടുത്ത മത്സരം.