മുംബയ്: ഐ.പി.എല്ലിൽ തുടർച്ചയായയ രണ്ട് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസ് വിജയവഴിയിൽ. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ 6 വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമാണ്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 18.5 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (134/4). ടോസും ബൗളർമാരെ ഉപയോഗിച്ചതും സെൻസിബിൾ ബാറ്റിംഗും ഉൾപ്പെടെ തീരുമാനങ്ങളെല്ലാം ക്ലിക്കായ സഞ്ജു സാംസൺന്റെ ക്യാപ്ടൻ സിയുടെ വിജയം കൂടിയാണ് രാജസ്ഥാന്റെ ഇന്നലത്തെ ജയം.
പതിവിന് വിപരീതമായി തുടർച്ചയായി വമ്പനടികൾക്ക് മുതിരാതെ നങ്കൂരമിട്ട് കളിച്ച ക്യാപ്ടൻ സഞ്ജു സാംസൺ രാജസ്ഥാന്റെ ചേസിംഗിലും മുന്നണിപ്പോരാളിയാവുകയായിരുന്നു. 21/1 എന്ന നിലയിലായിരിക്കുമ്പോൾ ക്രീസിൽ എത്തിയ സഞ്ജു വിന്നിംഗ് ഷോട്ടും കളിച്ച് പുറത്താകാതെ 41 പന്തിൽ 42 റൺസ് നേടി രാജസ്ഥാനെ വിജയ തീരത്തെത്തിച്ചു. 2ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
ഡേവിഡ് മില്ലർ (പുറത്താകാതെ 23 പന്തിൽ 24), ശിവം ദുബെ (18 പന്തിൽ 22), യശ്വസി ജയ്സ്വാൾ (22) എന്നിവരും രാജസ്ഥാന് ബാറ്റ് കൊണ്ട് വിജയത്തിലേക്ക് നിർണായക സംഭാവന നൽകി. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നല്ല ബൗളിംഗും ഫീൽഡിംഗുമായി കളം നിറഞ്ഞ രാജസ്ഥാൻ കൊൽക്കത്തയെ വമ്പൻ സ്കോറിലേക്ക് വിടാതെ പിടിച്ചു നിറുത്തി. 4 വിക്കറ്റുമായി കളം നിറഞ്ഞ ആൾ റൗണ്ടർ ക്രിസ് മോറിസാണ് കൊൽക്കത്ത ബാറ്റിംഗ് നിരയിൽ ഏറെ കുഴപ്പങ്ങൾ ഉണ്ടാക്കിയത്.
26 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 36 റൺസ് നേടിയ രാഹുൽ ത്രിപതിയാണ് കൊൽക്കത്തയുടെയ ടോപ് സ്കോറർ. ദിനേഷ് കാർത്തിക് (25), നിതീഷ് റാണ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ശുഭ് മാൻ ഗില്ലിന്റെ (11) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് ആദ്യം നഷ്ടമായത്.ജോസ് ബട്ട്ലറുടെ സമർത്ഥമായ ഇടപെടലിലൂടെ റണ്ണൗട്ടായാണ് ഗിൽ മടങ്ങിയത്. തുടർന്ന് കൃത്യമായ ഇടവളകളിൽ കൊൽക്കത്തയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. മികച്ചൊരു കൂട്ടുകെട്ട് പടുത്തുയത്താൻ കൊൽക്കത്ത ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.
ഇന്ന് രണ്ട് മത്സരം
ചെന്നൈ- ബാംഗ്ലൂർ
(ഉച്ച കഴിഞ്ഞ് 3.30 മുതൽ)
ഹൈദരാബാദ് - ഡൽഹി
(രാത്രി 7.30 മുതൽ)