o-rajagopal

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പരോക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. നിലവിലെ നേമം എംഎൽഎയും മുൻ പ്രധാനമന്ത്രി കെബി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായിരുന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രവർത്തനങ്ങളെ വിവരിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റ് വഴിയാണ് സന്ദീപാനന്ദഗിരി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ പരിഹസിക്കുന്നത്.

റെയിൽവേ മന്ത്രിയായിരുന്നപ്പോഴും എംഎൽഎ ആയപ്പോഴും മികച്ചക്ക പ്രവർത്തനങ്ങൾ കാഴ്ചവച്ചയാളായിരുന്നു ഒ രാജഗോപാൽ എന്ന് പറയുന്ന, സ്വാമി അദ്ദേഹം ഇപ്പോഴും കേന്ദ്ര മന്ത്രിയായിരുന്നെങ്കിൽ കേരളത്തിന് ഒരുപാട് ഗുണമുണ്ടാകുമായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്.

വാക്‌സിന്‍ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്ന് ഉറപ്പാക്കണമെന്ന വി മുരളീധരന്റെ പ്രസ്താവനയോട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്നാണ് വി മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചത്. കേന്ദ്ര വിഹിതത്തിനായി കാത്തുനിൽക്കാതെ കേരളം സ്വന്തമായി വാക്സിൻ വാങ്ങണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അടുത്തിടെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

സന്ദീപാനന്ദഗിരിയുടെ കുറിപ്പ് ചുവടെ:

'ഒ.രാജഗോപാൽ എന്ന ഏവരുടേയും പ്രിയപ്പെട്ട രാജേട്ടൻ വാജ്പെയ് മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തപ്പോൾ മലയാളികളെല്ലാം വളരെ സന്തോഷിച്ചു കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രിയുണ്ടല്ലോ എന്നതിൽ!
റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ കേരളത്തിനുവേണ്ടി രാജേട്ടൻ ചെയ്തു.


കേരളത്തിലെ മുടങ്ങിക്കിടന്ന റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം വേഗത്തിലാക്കുകയും,കേരളത്തിനൊരു സ്പെഷൽ ട്രെയിൻ അമൃത എക്സ്പ്രസ് അനുവദിക്കുകയും,കേരളത്തിന്റെ ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്നുള്ള എം.പി മാർക്കൊപ്പം പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതിനും രാജേട്ടൻ മുന്നിലുണ്ടായിരുന്നു.


മന്ത്രിയായി ഇരിക്കുമ്പോൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിലകൊണ്ട #വിടുവായിത്തം പറയാത്ത സംസ്ക്കാര സമ്പന്നനായിരുന്നു രാജേട്ടൻ.

sandeepanandhagiri

എം.എൽ.എ എന്ന നിലയിലും കഴിഞ്ഞ 5 വർഷം സർക്കാറിനൊപ്പം നിന്ന് മാതൃകാപരമായ പ്രവർത്തനമാണ് രാജേട്ടൻ കാഴ്ചവെച്ചത്.


ഈയവസരത്തിൽ രാജേട്ടനായിരുന്നു കേന്ദ്ര സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നതെങ്കിൽ കേരളത്തിന് ഒരുപാടു ഗുണം ഉണ്ടാകുമായിരുന്നു...'

content highlight: swami sandeepanandhagiri says if o rajagopal was still a central minister kerala would have benefitted post against v muraleeedharan.