
ന്യൂയോർക്ക്: ആപ്പിൾ ഐഫോൺ 12 സീരീസിന്റെ പർപ്പിൾ എഡിഷൻ വിപണിയിലെത്തി. ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയ്ക്കാണ് ആപ്പിൾ പുത്തൻ നിറം ചാർത്തിയിരിക്കുന്നത്. ഉന്നത നിലവാരമുള്ള ഫോട്ടോഗ്രഫി, വീഡിയോ ഫീച്ചറുകളുള്ള അഡ്വാൻസ്ഡ് ഡ്യുവൽ-കാമറ, ഒ.എൽ.ഇ.ഡിയോട് കൂടിയ എഡ്ജ് - ടു - എഡ്ജ് സൂപ്പർ റെറ്റിന എക്‌സ്.ഡി.ആർ ഡിസ്‌പ്ളേ, സെറാമിക് ഷീൽഡ് ഫ്രണ്ട് കവർ എന്നിങ്ങനെ ഐഫോൺ 12 സീരീസിന് മികവുകൾ ധാരാളം.
പർപ്പിൾ വേരിയന്റിന്റെ പ്രീ-ഓർഡർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30 മുതലായിരിക്കും വിതരണം. അതിവേഗ പെർഫോമൻസ് കാഴ്‌ചവയ്ക്കുന്ന എ14 ബയോണിക് ചിപ്പ് ആണ് ഫോണിലുള്ളത്. മികച്ച 5ജി അനുഭവവും ഫോൺ സമ്മാനിക്കുമെന്ന് ആപ്പിൾ പറയുന്നു. ബാറ്ററി ലൈഫിലും മികവ് ആപ്പിൾ അവകാശപ്പെടുന്നു. 69,900 രൂപ മുതലാണ് ഫോണിന് വില. 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകളുണ്ട്.