ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹായ വാഗ്ദ്ധാനങ്ങളുമായി അമേരിക്ക. ആരോഗ്യപ്രവർത്തകർക്കും, ജനങ്ങൾക്കും എല്ലാ സഹായവും ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. സഹായം വേഗത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
അതേസമം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. നിലവിൽ ഇരുപത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇന്നലെ മാത്രം 2,767 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1.92 ലക്ഷമായി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2.17 ലക്ഷം പേർ മാത്രമാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടി നാൽപത് ലക്ഷം കടന്നു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനാല് കോടിയിലധികം ആളുകൾ വാക്‌സിൻ സ്വീകരിച്ചു.