blood-bank

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ രക്തം ദാനം ചെയ്യാൻ എത്താതായതോടെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കൂടി വാക്‌സിൻ നൽകാൻ ആരംഭിച്ചാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ.

കൂടുതലായും യുവതീ- യുവാക്കളാണ് രക്തം ദാനം ചെയ്യുന്നത്. എന്നാൽ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞാൽ ഉടൻ രക്തം നൽകാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങൾക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. അതിനാൽത്തന്നെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യത്തിന് രക്തം ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കാനാകുന്നില്ല. കൊവിഡ് പകരുമോ എന്ന് പേടിച്ചാണ് പലരും രക്തം ദാനം ചെയ്യാൻ എത്താത്തത്. രക്തദാനത്തിലൂടെ രോഗം പകരില്ലെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക മാറുന്നില്ലെന്നതാണ് സ്ഥിതി വഷളാക്കുന്നത്.