twitter

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്. ഐ.ടി. വകുപ്പിന്‍റെ നിർദേശ പ്രകാരം അമ്പത്തിരണ്ടോളം ട്വീറ്റുകൾ നീക്കം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തു. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐ.ടി. നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചതിനു പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ പ്രവർത്തകർ, മാദ്ധ്യമ പ്രവ‌ർത്തകർ എന്നിവരുടേതടക്കമുളള ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതേ സമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല.

കോൺ​ഗ്രസ് എം.പി രേവന്ത് റെഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ട്വീറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

The Government of India has officially complained about the Tweet above to Twitter. https://t.co/5IWedORyh8 pic.twitter.com/0D3Vf1EAO7

— Pieter Friedrich (@FriedrichPieter) April 23, 2021

ഇന്ത്യന്‍ ഐ.ടി. ആക്ട് 2000 പ്രകാരമാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയിട്ടുളളത്. എന്നാൽ കേന്ദ്ര സര്‍ക്കാർ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ബ്ലോക്ക് ചെയ്ത ട്വീറ്റുകളില്‍ ഭൂരിപക്ഷവും രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതകുറവും കൊവിഡ് മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളാണ്. നേരത്തെ സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര സ‌ർക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.