തിരുവനന്തപുരം: പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവാണ്(50) മരിച്ചത്. നെയ്യാറ്റിൻകര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിൽ ഷിബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പത്ത് വർഷമായി ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഷിബുവിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്.
കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു ഷിബു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. ഇൻക്വസ്റ്റ് നടക്കുകയാണ് ഇപ്പോൾ. റൂറൽ എസ് പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.