ബംഗളൂരു: സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സീരിയൽ നടി അറസ്റ്റിൽ. കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെയാണ് (24) അറസ്റ്റിലായത്. തന്റെ പ്രണയത്തിന് തടസം നിന്നതിനാലാണ് കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ നടി സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഷനായയുടെ സഹോദരനായ രാകേഷ് കത്‌വെയാണ്(32) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ധാർവാഡിനു സമീപമുള്ള വനത്തിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ നടിയെക്കൂടാതെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗറിയേയും മൂന്നു സുഹൃത്തുക്കളെയും ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.