covid-india

ന്യൂഡൽഹി: കൊവിഡ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലുളള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനു പറ്റിയ വീഴ്ചയ്ക്ക് രാജ്യത്തെ ആരോഗ്യ സംവിധാനം വലിയ വില കൊടുക്കുകയാണ്. കൂടുതൽ അപകടകരമായ വൈറസിന്റെ വകഭേദങ്ങളിലൂടെയുളള രോഗവ്യാപനം മുൻകൂട്ടി അറിയുന്നതിലും രോഗ പ്രക്ഷേപണ ശൃഖല തകർക്കുന്നതിലും കുതിച്ചുയരുന്ന കൊവിഡ് കേസുകൾ കുറയ്ക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊവിഡിനെതിരെ രണ്ടു തരത്തിലുളള പ്രതിരോധമാണ് തന്റെ മനസിലുളളത്. ഒന്ന് ആശുപത്രി കിടക്കകൾ, മരുന്നുകൾ, ഓക്സിജൻ തുടങ്ങിയ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടിയന്തരമായി പ്രവർത്തിക്കണം. രണ്ടാമത്തേത് കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ്. ഇത്രയധികം കേസുകളുമായി നമുക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഗുലേരി അഭിപ്രായപ്പെട്ടു.

ഇതിനായി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇവിടെ കണ്ടെയിൻമെന്റ് സോണുകൾ, ലോക്ഡൗൺ എന്നിവ ആവശ്യമായിവരും. ഇതിലൂടെ കൊവിഡിന്റെ പ്രക്ഷേപണ ശൃഖല തകർക്കാനും കേസുകൾ കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

രോഗലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് കേന്ദ്രങ്ങളിൽ പ്രവേശിച്ച് കൊവിഡ് രോഗിയെപ്പോലെ ചികിത്സ തേടണം. എയിംസിൽ ഇപ്പോൾ തന്നെ ഒരു കൊവിഡ് സംശയാസ്പദ വാർഡ് ഉണ്ട്. മനുഷ്യ ജീവനുകൾ രക്ഷിക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ ദ്രുതഗതിയിലുളള കുതിച്ചുചാട്ടം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ തരംഗം മന്ദഗതിയിലായിരുന്നു. ആശുപത്രി കിടക്കകൾ, മരുന്ന് തുടങ്ങിയവ എല്ലാം തന്നെ വർദ്ധിപ്പിക്കാൻ സമയമുണ്ടായിരുന്നു. ഇത്തവണ എല്ലാം പെട്ടെന്നായിരുന്നു. നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും ഗുലേരിയ കൂട്ടിച്ചേർത്തു.