remdesivir

മീററ്റ്: കൊവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റ വാ‌ർഡ് ജീവനക്കാർ പിടിയിൽ. ഉത്ത‌ർപ്രദേശിലെ മീററ്റ് സുബർത്തി മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാരാണ് പിടിയിലായത്. ആശുപതിയിൽ അഡ്മിറ്റ് ചെയ്ത രോ​ഗികൾക്ക് നൽകേണ്ട മരുന്ന് അനധികൃതമായി ഡോസിന് 25,000 രൂപ നിരക്കിലാണ് ഇവ‌ർ വിറ്റത്.

പ്രതികൾ ആശുപത്രിയിൽ നിന്നും റെംഡെസിവിർ മരുന്ന് മാറ്റിയതിനുശേഷം രോ​ഗികൾക്ക് പകരം ഡിസ്റ്റിൽഡ് വാട്ടർ കുത്തിവെപ്പ് നൽകുകയായിരുന്നു വെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസിന്റെ രഹസ്യാന്വേഷണ സംഘമാണ് ഈ വിവരം പുറത്തുകൊണ്ടു വന്നത്. ആരോപണ വിധേയരായ വാ‌ർഡ് ജീവനക്കാരെ അറസ്റ്റു ചെയ്യുന്നതിനിടെ ആശുപത്രിയിലെ നാലു സുരക്ഷാ ജീവനക്കാ‌ർ പൊലീസിനെ ആക്രമിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റതിനും അനധികൃതമായി കെെവശം വച്ചതിനും ശനിയാഴ്ച ഡൽഹി പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. വിവിധ സംഘങ്ങളിലായി പ്രവർത്തിച്ചിരുന്ന ഇവരിൽ നിന്നും 81 കുപ്പി മരുന്നുകളും പിടിച്ചെടുത്തു. പ്രതികൾ, കരിഞ്ചന്തയിൽ വിറ്റ മരുന്നുകളുടെ ഉപയോ​ഗത്തെയും ആവശ്യകതയെയുംപറ്റി ബോധവാൻമാരായിരുന്നു. കൂടിയ വിലയ്ക്കായിരുന്നു മരുന്നുകൾ വിറ്റിരുന്നത്. ഇവ‌ർ 25,000 മുതൽ 40,000 രൂപവരെ വില ചുമത്തിയായാണ് റെംഡെസിവി‌ർ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.