നടൻ മേള രഘു (പുത്തൻവെളി ശശിധരൻ) ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് അദ്ദേഹമിപ്പോൾ. ഭാര്യയും മകളുമാണ് ഇപ്പോൾ രഘുവിനൊപ്പം ആശുപത്രിയിലുള്ളത്. കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 16ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെ.ജിജോർജിന്റെ മേളയിലൂടെയാണ് സിനിമയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് ചിത്രത്തിൽ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യം 2 ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.