ആലപ്പുഴ: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഓക്‌സിജന് വേണ്ടി നെട്ടോട്ടമോടുകയാണ്. പ്രണവായു കിട്ടാതെ നിരവധി പേർ ഇതിനോടകം മരണപ്പെട്ടു. എന്നാൽ ഈ സമയം ഇങ്ങ് കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെയാർക്കും ഓക്‌സിജൻ കിട്ടാതെ മരിക്കേണ്ടി വരില്ല.
നിലവിൽ ആവശ്യത്തിലധികം ഓക്‌സിജൻ സംസ്ഥാനത്തുണ്ട്. കൂടാതെ പ്രതിദിനം തമിഴ്‌നാടിനും കർണാടകത്തിനും ഓക്‌സിജൻ നൽകുന്നുമുണ്ട്. രാജ്യത്ത് ഓക്‌സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏകസംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോയും) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ ആർ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മറ്റു സംസ്ഥാനങ്ങൾ ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ കേരളത്തിലുള്ളവർക്ക് 'ശ്വാസം മുട്ടാതെയിരിക്കുന്നതിന്' പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഒരു വർഷം നീണ്ട ആസൂത്രണമാണ്. എല്ലാ മുന്നിൽക്കണ്ട് പെസോയും സംസ്ഥാന ആരോഗ്യവകുപ്പും ചേർന്ന് പ്രവർത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഓക്‌സിജൻ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയർ സെപ്പറേഷൻ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ഇതിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്‌സിജൻ ആവശ്യം വരുമെന്നും അവർ ബോധ്യപ്പെടുത്തി.
തുടർന്ന് പ്രവർത്തിക്കാത്ത ഓക്സിജൻ യൂണിറ്റുകൾ പ്രവർത്തനത്തിനൊരുങ്ങി.എന്നാൽ ലോക്ക് ഡൗൺ മൂലം ആവശ്യമായ യന്ത്രഭാഗങ്ങൾ എത്തിക്കാൻ സാധിച്ചില്ല. പെസോ മുൻകൈയെടുത്തതോടെ ചെന്നൈയിൽ നിന്ന് സാധനങ്ങളെത്തി. 90 ദിവസത്തിനകം പ്രവർത്തനവും തുടങ്ങി.
ഉത്പാദനം, വിതരണം തുടങ്ങിയ ചുമതല പെസോയുടെ നോഡൽ ഓഫീസർക്കും ഓരോ സ്ഥലത്തും ആവശ്യമുള്ള ഓക്‌സിജന്റെ അളവുസംബന്ധിച്ച ഡേറ്റയുടെ ചുമതല ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർക്കും നൽകി. രോഗികൾ, കിടക്കകൾ, ഓക്‌സിജന്റെ ആവശ്യം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പെസോ ഉത്പാദനം ക്രമീകരിച്ചു.പെസോയുടെ നിർദേശമനുസരിച്ച് നൈട്രജൻ, ആർഗൺ സിലിൻഡറുകളും ഡീഗ്യാസ് ചെയ്ത് ഓക്‌സിജൻ നിറച്ചു.പ്രതിദിനമുള്ള ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് ആരോഗ്യവകുപ്പ് പെസോയ്ക്കു സമർപ്പിച്ചു. ഇന്ന് ദിവസം 204 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്.