തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പകരക്കാരനെച്ചൊല്ലി സേനയ്ക്കുള്ളിൽ ചേരിപ്പോര്. ഡി.ജി.പി. സ്ഥാനത്തേക്ക് സാദ്ധ്യത കൽപിക്കപ്പെടുന്ന ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ നടക്കുന്നത്. ഇരുവരുടെയും പേരിലുളള കേസുകൾ കുത്തിപ്പൊക്കാനും അവസാനിപ്പിക്കാനുമുളള ശ്രമങ്ങളുമായി ഇരുപക്ഷവും രംഗത്തുണ്ട്.
ജൂൺ 30നാണ് ലോക്നാഥ് ബെഹ്റ ഡി.ജി.പി. സ്ഥാനത്തുനിന്നും വിരമിക്കുന്നത്. അദ്ദേഹത്തെ സംസ്ഥാന സർക്കാർ മറ്റു സ്ഥാനങ്ങളിലേക്ക് നിയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്കുളള പരിഗണന പട്ടികയിലുളള ബെഹ്റയ്ക്ക് നറുക്കുവീണാൽ അടുത്ത മാസം അദ്ദേഹം കേരളം വിടും. അങ്ങനെ വന്നാൽ പുതിയ പോലീസ് മേധാവിയെ ഉടൻ കണ്ടെത്തേണ്ടി വരും.
സംസ്ഥാനം കേന്ദ്ര സർക്കാരിന് കെെമാറുന്ന ഡി.ജി.പിമാരായി പരിഗണിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് കേന്ദ്രം പുതിയ പൊലീസ് മേധാവിയെ നിർദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ട 1989 ബാച്ചുവരെയുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം തയ്യാറാക്കി നൽകിയിട്ടുണ്ട്. ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ടോമിൻ തച്ചങ്കരിയും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറുമാണ്.
പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധേഷ് കുമാർ. പൊലീസ് ഡ്രെെവറെ മർദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകൾക്കെതിരെ നടക്കുന്ന ക്രെെബ്രാഞ്ച് കേസ് വേഗത്തിൽ തീർപ്പാക്കാനാണ് പൊലീസ് ആസ്ഥാനത്തെ നീക്കങ്ങൾ. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് തച്ചങ്കരിക്കെതിരെ പുനരന്വേഷണം നടത്തുകയുമാണ്. ഈ സാഹചര്യത്തിൽ പരസ്പരം സാദ്ധ്യതകൾ തടയാനുള്ള നീക്കങ്ങൾ ഇരുഭാഗത്തും നടക്കുന്നുണ്ട്.
തച്ചങ്കരിക്കെതിരായ വിജിലൻസ് പുനരന്വേഷണം, ആദ്യ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വരുന്നതുവരെ ഈ റിപ്പോർട്ട് കോടതിയിൽ എത്തുന്നത് വൈകിപ്പിച്ച് തച്ചങ്കരിയുടെ സാദ്ധ്യത ഇല്ലാതാക്കാനുളള അണിയറ നീക്കമാണ് നടക്കുന്നത്. ഇരുചേരിയും തമ്മിലെ തർക്കം നീളുകയാണെങ്കിൽ സേനയിലെ അച്ചടക്കം സൂക്ഷിക്കുന്നതിനായി ഡി.ജി.പി. തസ്തികയിലേക്ക് ബി. സന്ധ്യയെ പുതിയ സർക്കാർ പരിഗണിക്കാനും സാദ്ധ്യതയുണ്ട്.