ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ 82 പേർ വെന്ത് മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ബാഗ്ദാദിലെ ഇബ്നു ഖത്തീബ് ആശുപത്രിയിൽ ഇന്നലെയായിരുന്നു അപകടം. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിലാണ് അത്യാഹിതമുണ്ടായത്. കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുകയായിരുന്ന ആശുപത്രിയായതിനാൽ മരിച്ചവരിലേറെയും രോഗികളാണ്. ശ്വാസകോശ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. പിന്നീട് ആശുപത്രിയുടെ ഒന്നിലധികം നിലകളിലേക്ക് തീ പടരുകയായിരുന്നു.
തീ അണച്ചതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ഇറാഖ് സിവിൽ ഡിഫൻസ് യൂണിറ്റ് മേധാവി മേജർ ജനറൽ കാദിം ബോഹൻ പറഞ്ഞു.
തീപിടുത്തത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തി നിരവധി ആംബുലൻസുകൾ മറ്റ് ആശുപത്രികളിലേക്ക് പായുകയായിരുന്നെന്ന് ദൃക്സാക്ഷികൾ വിവരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളേയും ഇവിടെ നിന്നും മാറ്റി. സംഭവത്തുടർന്ന് അധികാരികൾക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ ബാഗ്ദാദ് ഗവർണർ മുഹമ്മദ് ജാബർ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്തുവന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഹസൻ അൽ തമീമിയെ പുറത്താക്കാൻ കമ്മീഷൻ പ്രധാനമന്ത്രി മുസ്തഫ അൽ കാദേമിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയും അറിയിച്ചു. 15,000 രോഗികളുമാണ് ഇറാഖിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.