ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് എം.പിമാരുടെ കത്ത്. കേരളത്തിൽ നിന്നുള്ള 11 യു.ഡി.എഫ് എം.പിമാരാണ് കത്തയച്ചത്. കൊവിഡ് ബാധിതനായ കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും അദ്ദഹത്തിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തിൽ എം.പിമാർ ആവശ്യപ്പെട്ടു.
എം.പിമാരായ കെ. സുധാകരൻ, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബെഹന്നാൻ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, പി.വി. അബ്ദുൾ വഹാബ് എന്നിവർ ചേർന്നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കൊവിഡ് ബാധിതനായ സിദ്ധിഖ് കാപ്പൻ താടിയെല്ല് പൊട്ടിയ അവസ്ഥയിൽ മഥുര മെഡിക്കൽ കോളേജിൽ കഴിയുകയാണ്. അദ്ദേഹത്തെ ചങ്ങലയിൽ മൃഗത്തെപ്പോലെ കെട്ടിയിട്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. കാപ്പന്റെ നിലവിലെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും മാനുഷിക പരിഗണനവെച്ച് മെച്ചപ്പെട്ട ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കാപ്പന്റെ നിലവിലെ സ്ഥിതിയിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ റെയ്ഹാന രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും തികഞ്ഞ അവഗണനയാണ് കാപ്പന്റെ വിഷയത്തിൽ ഉണ്ടായതെന്നും അവർ കുറ്റപ്പെടുത്തി. കൊവിഡ് ബാധിതനായ അദ്ദേഹത്തെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. കാപ്പന് കൃത്യമായ ചികിത്സ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.