കാസർകോട്: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മൊബൈൽഫോണും പണവും കവർന്ന കേസിലെ പ്രതിയെ വിദ്യാനഗർ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റുചെയ്തു. നെല്ലിക്കട്ട പാലത്തടുക്ക മായിലവള്ളം ലക്ഷം വീട് കോളനിയിലെ പി.എം. നവാസ് (38) ആണ് അറസ്റ്റിലായത്.
എടനീർ പെർഡാലമൂലയിലെ ചന്ദ്രകലയുടെ വീട്ടിൽ നിന്ന് മൂന്ന് പവൻ സ്വർണാഭരണവും മൊബൈൽ ഫോണും 5000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. 20 ന് പട്ടാപ്പകലാണ് കവർച്ച. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കളവ് കേസിൽ പ്രതിയായ യുവാവ് സംശയ സാഹചര്യത്തിൽ കറങ്ങുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ചന്ദ്രകലയുടെ വീട്ടിലെ മോഷണത്തിന് പിന്നിൽ നവാസ് ആണെന്ന് വ്യക്തമായത്. പാദസരവും മൊബൈൽ ഫോണും നവാസിൽ നിന്ന് കണ്ടെത്തി. 25 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബദിയടുക്ക, മഞ്ചേശ്വരം, കുമ്പള, കാസർകോട് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.