amfi

കൊച്ചി: കൊവിഡ് കാലത്ത് സമ്പാദ്യശീലത്തിന് പ്രാധാന്യമേറുന്നതായി മൂച്വൽഫണ്ട് മേഖലയിൽ നിന്ന് കണക്ക്. 2020-21 സാമ്പത്തിക വർഷം ഇന്ത്യയിൽ പുതുതായി മ്യൂച്വൽഫണ്ടുകളിലേക്ക് ചേക്കേറിയത് 81 ലക്ഷം പേരാണ്. മൊത്തം നിക്ഷേപക അക്കൗണ്ടുകളുടെ എണ്ണം 9.78 കോടിയായും ഉയർന്നു. 2019-20ലെ പുതിയ അക്കൗണ്ടുകൾ 72.89 ലക്ഷമായിരുന്നു.

ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾ നിറവേറ്റാൻ മികച്ച നിക്ഷേപക മാർഗമായി മ്യൂച്വൽഫണ്ടുകളെ ജനങ്ങൾ സ്വീകരിച്ചുവെന്നതിന്റെ തെളിവാണിതെന്ന് നിരീക്ഷകൾ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപക പോർട്ട്ഫോളിയോകളുടെ എണ്ണത്തിൽ 81.19 ലക്ഷത്തിന്റെ വർദ്ധനയുണ്ടായത് ഇതിന്റെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒരു നിക്ഷേപകന് ഒന്നിലധികം പോർട്ട്ഫോളിയോകൾ ആരംഭിക്കാം. 2019-20ലെ 8.97 കോടിയിൽ നിന്നാണ് കഴിഞ്ഞവർഷം ഫോളിയോകൾ 9.78 കോടിയിലെത്തിയത്.

ഇക്വിറ്റി അധിഷ്‌ഠിത പോർട്ട്ഫോളിയോകളാണ് കൂടുതലുമുള്ളത്. കഴിഞ്ഞവർഷം ഇത് 6.44 കോടിയിൽ നിന്ന് 24.3 ലക്ഷത്തിന്റെ വർദ്ധനയോടെ 6.68 കോടിയിലെത്തി. കടപ്പത്ര അധിഷ്‌ഠിത സ്‌കീമുകൾ 2021 മാർച്ച് അവസാനവാരത്തെ കണക്കുപ്രകാരം 88.4 ലക്ഷമാണ്; വർദ്ധന 16.16 ലക്ഷം. ഇന്ത്യയിലെ 43 മ്യൂച്വൽഫണ്ട് സ്ഥാപനങ്ങളും കൂടി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) 2019-20ലെ 22.26 ലക്ഷം കോടി രൂപയിൽ നിന്ന് കഴിഞ്ഞവർഷം 31.43 ലക്ഷം കോടി രൂപയിലെത്തിയതും ശ്രദ്ധേയമാണ്.

നിക്ഷേപകക്കുതിപ്പ്

(മ്യൂച്വൽഫണ്ട് നിക്ഷേപക അക്കൗണ്ടുകളിലുണ്ടായ വർദ്ധന)

2015-16 : 59 ലക്ഷം

2016-17 : 67 ലക്ഷം

2017-18 : 1.6 കോടി

2018-19 : 1.13 കോടി

2019-20 : 72.89 ലക്ഷം

2020-21 : 81 ലക്ഷം

എസ്.ഐ.പിയാണ് താരം

മാസം, പ്രതിമാസം, ത്രൈമാസം എന്നിങ്ങനെ തവണവ്യവസ്ഥകളിലൂടെ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനിന് (എസ്.ഐ.പി) സ്വീകാര്യത ഏറുകയാണ്. പ്രതിമാസം 100 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് പ്രധാന നേട്ടം. മാർച്ചിൽ എസ്.ഐ.പിയിലൂടെ മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 9,182 കോടി രൂപയാണെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) പറയുന്നു. 7,528 കോടി രൂപയാണ് ഫെബ്രുവരിയിൽ എത്തിയത്. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 3.62 കോടിയിൽ നിന്നുയർന്ന് 3.72 കോടിയിലുമെത്തി.