ഉത്തർപ്രദേശിൽ ജയിലിൽ കഴിയുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതിനായി സവർണ ഹിന്ദു അഭിഭാഷകനെ നിയമിക്കണമെന്ന് രാഹുൽ ഈശ്വർ. ഒരു ചാനൽ ചർച്ചയ്ക്കിടെ സിദ്ദിഖ് കാപ്പന്റെ ഭാര്യയായ റെയ്‌ഹാനയോടാണ് രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്. സവർണരും ബ്രാഹ്മണരും സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി പിന്തുണ നൽകില്ലെന്നും അബ്ദുൾ നാസർ മദനിയെ പോലെ അദ്ദേഹവും വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുമെന്നും രാഹുൽ റെയ്‌ഹാനയോട് സൂചിപ്പിക്കുന്നു.
സിദ്ദിഖിന്റെ മോചനത്തിനായി സവർണ ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണമെന്നും അതിന് പ്രായോഗിക ഗുണം ഉണ്ടാകുമെന്നും രാഹുൽ ഈശ്വർ പറയുന്നു. രാഷ്ട്രീയം പറയാൻനോക്കിയാൽ ഭർത്താവ് ജയിലിൽ തന്നെ കിടക്കുമെന്നും ഏത് കാലത്തും ഇന്ത്യയുടെ അവസ്ഥ ഇത് തന്നെയാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം സുപ്രീം കോടതിയിൽ സ്വാധീനമുള്ള കപിൽ സിബലിനെ പോലെയുള്ള അഭിഭാഷകനെ തന്നെ നിയോഗിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ദളിത് വിഭാഗങ്ങള്‍ക്ക് എതിരെയാണ് സവര്‍ണഹിന്ദുകള്‍ 'എന്ന ആംഗിൾ വിടണ'മെന്നും രാഹുൽ പറയുന്നുണ്ട്.
വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നത് പ്രശ്നമാകുമെന്നും കേരളത്തിന് മറ്റൊരു സംസ്ഥാനത്തിന്റെ കാര്യത്തിൽ ഇടപെടുന്നതിന് പരിധികൾ ഉണ്ടെന്നും രാഹുൽ ഈശ്വർ പറയുന്നു. അതേസമയം, യു.എ.പി.എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന സിദ്ധിഖ് കാപ്പനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കേരളത്തിൽ നിന്നുള്ള എം.പിമാർ കത്തയച്ചിരുന്നു. കേരളത്തിൽ നിന്നുള്ള 11 യു.ഡി.എഫ് എം.പിമാരാണ് കത്തയച്ചത്.
കൊവിഡ് ബാധിതനായ കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും അദ്ദഹത്തിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തിൽ എം.പിമാർ ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്റെ നിലവിലെ സ്ഥിതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് റെയ്‌ഹാനയും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മറ്റുള്ളവരുടെ വോട്ട് കിട്ടില്ല എന്ന പേടിയാണെങ്കില്‍ ഇനി സംസാരിച്ചൂ കൂടേ. ഇലക്ഷനൊക്കെ കഴിഞ്ഞ് വോട്ടൊക്കെ പെട്ടിയിലായല്ലോ എന്നും റെയ്‌ഹാന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ:
'ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. നല്ല ബിജെപിക്കാരുണ്ട്. അവര്‍ പിന്തുണച്ചാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കുട പിടിക്കുന്നൂയെന്നോ, ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്നൂയെന്ന ആരോപണം വരും. സിദ്ധീഖ് കാപ്പനോടും അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ഐഡിയോളജിയോടും എതിര്‍പ്പുള്ള വ്യക്തിയാണ് ഞാന്‍. 124 എ, 153 എ, 295 ഇതിലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഒരു ദളിത് പെണ്‍കുട്ടി കൊലപ്പെട്ടു, ഇതോടെ രാജ്യത്തെ ദളിതുകള്‍ സേഫ് അല്ലെന്നും അതിന് ഉത്തരവാദി സവര്‍ണരും ബ്രാഹ്മണരുമാണെന്നാണ് ഇവര്‍ സംഭവത്തിലൂടെ വിവരിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ആളുകള്‍ നിങ്ങള്‍ സഹായിക്കില്ല. അവിടങ്ങളില്‍ കൂടുതലും ഞങ്ങളുടെ സമുദായത്തിലെ ആള്‍ക്കാരാണ്. അതായത് സവര്‍ണ ഹിന്ദുക്കളും ബ്രാഹ്മണരും. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത് മഅദനിയെ പോലെ വര്‍ഷങ്ങള്‍ കടന്നുപോകും. ഡോക്ടര്‍ കഫീല്‍ ഖാനെ പോലെയുള്ള ഒരാള്‍ പോലും ആറു മാസം ജയിലില്‍ കിടന്നു.'
content highlight: rahul easwar says upper caste hindu advocate should take up uapa victim siddique kappans case.