ചെന്നൈ : സീസണിലെ ആദ്യ നാലു മത്സരങ്ങളിൽ മൂന്നും തോറ്റ രാജസ്ഥാൻ അഞ്ചാം അങ്കത്തിൽ ആറു വിക്കറ്റിന് കൊൽക്കത്തയെ തറപറ്റിച്ചപ്പോൾആശ്വാസമായത് നായകൻ സഞ്ജു സാംസണാണ്. കാരണം മൂന്ന് തോൽവികൾ സഞ്ജുവിന്റെ ക്യാപ്ടൻസിക്ക് നേരേതന്നെ ചോദ്യമുയർത്തിയിരുന്നു.എന്നാൽ കൊൽക്കത്തയ്ക്ക് എതിരെ തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി വിജയം വരെ ക്ഷമയോടെ ക്രീസിൽ നിൽക്കുന്ന സഞ്ജുവിനെയാണ് കണ്ടത്.
മികച്ച ബൗളിംഗിലൂടെ കൊൽക്കത്തയെ 133 റൺസിൽ ഒതുക്കിയ ശേഷം 18.5 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു രാജസ്ഥാൻ.
ചേസിംഗ് പ്രയാസമല്ലാത്ത സ്കോർ ആയിരുന്നിട്ടുകൂടി സൂക്ഷ്മതയോടെ ബാറ്റുവീശുകയായിരുന്നു സഞ്ജു.നാലാം ഓവറിൽ ബട്ട്‌ലർ(5) പുറത്താകുമ്പോൾ 21 റൺസായിരുന്നു സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.അപ്പോൾ കളത്തിലേക്ക് ഇറങ്ങിയ സഞ്ജു യശ്വസി (22),ശിവം ദുബെ (22) എന്നിവർക്കൊപ്പം പൊരുതിനിന്നു. തെവാത്തിയ(5) പുറത്തായശേഷം മില്ലറെ(24*)ക്കൂട്ടി വിജയത്തിലേക്ക് എത്തുകയും ചെയ്തു. 41 പന്തുകൾ നേരിട്ടാണ് സഞ്ജു രണ്ടു ഫോറും ഒരു സിക്സുമടക്കം 42 റൺസുമായി പുറത്താകാതെ നിന്നത്. സാഹചര്യം മനസിലാക്കാതെ സ്വന്തം ശൈലിയിൽ കളിച്ച് വെറുതെ വിക്കറ്റ് കളയുന്നു എന്ന പരാതി അവസാനിപ്പിക്കാൻ ഈ ഇന്നിംഗ്സിലൂടെ സഞ്ജുവിന് കഴിഞ്ഞു.