ബാംഗ്ളൂരിനെതിരെ രവീന്ദ്ര ജഡേജയുടെ ആൾറൗണ്ട് ഇന്ദ്രജാല പ്രകടനം
ചെന്നൈ സൂപ്പർ കിംഗ്സിന് 69 റൺസ് ജയം,ബാംഗ്ളൂരിന്റെ ആദ്യ തോൽവി
മുംബയ് : ബാറ്റിംഗ്,ബൗളിംഗ്,ഫീൽഡിംഗ് എന്നിങ്ങനെ എല്ലാ മേഖലകളിലും സൂപ്പർമാനെപ്പോലെ കളിച്ച രവീന്ദ്ര ജഡേജയുടെ മികവിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ 69 റൺസിന്റെ തകർപ്പൻ വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്.ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 191/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ബാംഗ്ളൂരിന്റെ മറുപടി 122/9ൽ ഒതുങ്ങുകയായിരുന്നു.
ഒരോവറിൽ ഒരു നോബാളടക്കം നേടിയ 37 റൺസ് ഉൾപ്പടെ 28 പന്തുകളിൽ പുറത്താകാതെ 62 റൺസ് നേടിയാണ് ജഡേജ വെള്ളിടിയായത്. അവസാനഓവറിൽ ഹർഷൽ പട്ടേലിനെതിരെയായിരുന്നു ജഡേജയുടെ താണ്ഡവം.നാലുഫോറും അഞ്ചു സിക്സും പറത്തി ജഡേജ മിന്നിയതോടെ 150കളിൽ അവസാനിക്കേണ്ടിയിരുന്ന ചെന്നൈയുടെ സ്കോർ 191ലെത്തുകയായിരുന്നു.ബൗളിംഗിൽ നാലോവറിൽ ഒരു മെയ്ഡനടക്കം 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു ജഡേജ.ഡാൻ ക്രിസ്റ്റ്യനെ റൺഔട്ടാക്കിയ ഡയറക്ട് ത്രോയും ജഡ്ഡുവിന്റെ ആൾറൗണ്ട് മികവിന് മകുടോദാഹരണമായി.
അർദ്ധ സെഞ്ച്വറി നേടിയ ഡുപ്ളെസിയും (50) റിതുരാജ് ഗെയ്ക്ക്‌വാദും(33) ചേർന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. 10-ാം ഓവറിൽ റിതുരാജ് പുറത്തായ ശേഷമിറങ്ങിയ റെയ്ന 24 റൺസ്നേടി.41 പന്തുകളിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം അർദ്ധസെഞ്ച്വറിയിലെത്തിയ ഡുപ്ളെസി 14-ാം ഓവറിലാണ് പുറത്തായത്. 18-ാം ഓവറിൽ അമ്പാട്ടി റായിഡുവും(14) പുറത്തായ ശേഷം ക്രീസിലൊരുമിച്ച ധോണി- ജഡേജ സഖ്യം 15 പന്തുകളിൽ അടിച്ചുകൂട്ടിയത് 49 റൺസാണ്. ഇതിൽ രണ്ട് റൺസ് മാത്രമായിരുന്നു ധോണിയുടെ സംഭാവന.
മറുപടിക്കിറങ്ങിയ ബാംഗ്ളൂരിന് ആദ്യ മൂന്നോവറിൽ 44 റൺസ് നേടാനായി. എന്നാൽ നാലാം ഓവറിന്റെ ആദ്യ പന്തിൽ നായകൻ വിരാടിന്റെ (8)വിക്കറ്റ് നഷ്ടമായതോടെ താളം തെറ്റി.സാം കറാനാണ് വിരാടിനെ പുറത്താക്കിയത്.15 പന്തുകളിൽ നാലു ഫോറും രണ്ട് സിക്സുമടക്കം 34 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലിനെ അടുത്ത ഓവറിൽ ശാർദ്ദൂൽ താക്കൂറും പുറത്താക്കി.തുടർന്ന് ജഡേജ വാഷിംഗ്ടൺ സുന്ദർ(7),മാക്സ്‌വെൽ (22),ഡിവില്ലിയേഴ്സ്(4) എന്നിവരെ പുറത്താക്കി ജഡേജ അവതരിച്ചു. ഡാൻ ക്രിസ്റ്റ്യനെ(1) റണ്ണൗട്ടാക്കുകയും ചെയ്തു. ഇതോടെ 83/6 എന്ന നിലയിലായ ബാംഗ്ളൂരിനെ രണ്ടു വിക്കറ്റുകളും ഒരു റൺഔട്ടുമായി ഇമ്രാൻ താഹിർ 122ലൊതുക്കി.
ഈ സീസണിലെ അഞ്ചുകളികളിൽ ആദ്യത്തെ തോൽവിയാണ് ബാംഗ്ളൂർ വഴങ്ങിയത്.നാലാം വിജയത്തോടെ ചെന്നൈ ബാംഗ്ളൂരിനെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.