മുംബയ്: ഒരിടവേളയ്ക്ക് ശേഷം നേട്ടത്തിന്റെ പാതയിലേറി വിദേശ നാണയ കരുതൽ ശേഖരം. ഏപ്രിൽ 16ന് അവസാനിച്ച ആഴ്‌ചയിൽ 119.3 കോടി ഡോളർ ഉയർന്ന് ശേഖരം 58,240.6 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഏപ്രിൽ ഒമ്പതിന് അവസാനിച്ചവാരത്തിൽ 434.4 കോടി ഡോളറിന്റെ വർദ്ധനയും രേഖപ്പെടുത്തിയിരുന്നു. ഈവർഷം ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ സർവകാല റെക്കാഡ് ഉയരം.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവയുമുണ്ട്. വിദേശ നാണയ ശേഖരത്തിൽ മുഖ്യ പങ്കുവഹിക്കുന്ന വിദേശ നാണയ ആസ്‌തി (ഫോറിൻ കറൻസി അസറ്റ്‌സ്) കഴിഞ്ഞവാരം 113 കോടി ഡോളർ വർദ്ധിച്ച് 54,058.5 കോടി ഡോളറിലെത്തിയത് നേട്ടമായി. അടുത്തിടെ റഷ്യയെ പിന്തള്ളി ഇന്ത്യൻ വിദേശ നാണയ ശേഖരം നാലാംസ്ഥാനത്തേക്ക് ഉയർന്നിരുന്നു. ചൈന, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ കരുതൽ സ്വർണശേഖരം 3.40 കോടി ഡോളർ വർദ്ധിച്ച് കഴിഞ്ഞവാരം 3,535.4 കോടി ഡോളർ ആയിട്ടുണ്ട്.