ന്യൂഡൽഹി: കൊവിഡ് ബാധിതനായ സ്വാതന്ത്ര്യസമര സേനാനി സുഖം പ്രാപിച്ചു. 104 കാരനായ ബിർധിചന്ദ് ജി ഗോഥി ആണ് കൊവിഡിനെ തുരത്തിയോടിച്ചത്. മദ്ധ്യപ്രദേശിലെ ബെതുൽ സ്വദേശിയാണ്. ഏപ്രിൽ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ്
സ്ഥിരീകരിച്ചത്. ബന്ധുവായ ഡോക്ടറുടെ സഹായത്തോടെ വീട്ടിൽ തന്നെ ചികിത്സ നടത്തുകയായിരുന്നു. ഇപ്പോഴും ദിവസവും 2-3 മണിക്കൂർ ഓക്സിജൻ നൽകുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ ചെറുമകൻ പറഞ്ഞു.
'പോസിറ്റീവായി തുടരുക, പുഞ്ചിരിക്കുക, വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക'- കൊവിഡിനെ എങ്ങനെയാണ് തോൽപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ബിർധിചന്ദിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് നിരവധി തവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ് ബിർധിചന്ദ്. ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ച്ചയും ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മക്കളും ചെറുമക്കളും ഉൾപ്പടെ ബിർധിചന്ദിനെ പരിചരിക്കാനുള്ള വലിയൊരു സംഘം എപ്പോഴും വീട്ടിലുണ്ട്.