ppe-kit

അമ്പലപ്പുഴ: 'ഞങ്ങളുടെ മകൻ ശരത് മോൻ എസ്. വിവാഹിതനാകുകയാണ്. ആലപ്പുഴ വടക്കനാര്യാട് പ്ളാംപറമ്പിൽ പി.എസ്. സുജിയുടെയും കുസുമം സുജിയുടെയും മകൾ അഭിരാമിയാണ് വധു. ഏപ്രി​ൽ 25ന് പകൽ 12 നും 12.15 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ വധു ഗൃഹത്തിലാണ് വിവാഹം'.

ഇന്ന് നടന്ന ഈ വിവാഹത്തിന് കതിർ മണ്ഡപമായത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക മുറി. മുഹൂർത്തം തെറ്റാതെ അഭിരാമിയുടെ കഴുത്തിൽ ശരത് താലികെട്ടുമ്പോൾ വിവാഹ വസ്‌ത്രങ്ങൾക്ക് മീതെ കല്യാണ പുടവയായത് പി.പി.ഇ കിറ്റ് . കൊട്ടും കുരവയുമില്ല. സാക്ഷികളാകാൻ പി.പി.ഇ കിറ്റണിഞ്ഞ രണ്ടു ബന്ധുക്കൾ മാത്രം.

കൈനകരി കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ.ശശിധരൻ, ജിജി ശശിധരൻ ദമ്പതികളുടെ മകനാണ് ശരത് മോൻ. സൗദിയിലെ സ്വകാര്യ കമ്പനിയിൽ ജോലി. 17 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഈ 21 ന് കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ സഹൃദയ ആശുപത്രിയിൽ ശരത്തും അമ്മ ജിജിയും പരിശോധന നടത്തി. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിശ്ചയിച്ച ദിനത്തിൽ വിവാഹം നടത്തണമെന്ന ആഗ്രഹം ശരത്ത് സുഹൃത്തുക്കളോട് പങ്കുവച്ചു. ഇവർ കുട്ടനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് കെ. തോമസ് വഴി കളക്ടറെ വിവരം ധരിപ്പിച്ചു. കളക്ടർ എ.അലക്‌സാണ്ടർ ആശുപത്രി സൂപ്രണ്ട് ഡോ. രാംലാലിനോട് സംസാരിച്ച് വിവാഹം കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് സഫലമാക്കാൻ തീരുമാനിച്ചു.
താലികെട്ടിനു ശേഷം വധു സ്വന്തം വീട്ടിലേക്കു മടങ്ങും. വരൻ കൊവിഡ് വാർഡിലേക്കും. സണ്ണി, സജി, ഗോപാലൻ എന്നിവരാണ് സുഹൃത്തിന്റെ മാേഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്. രോഗമുക്തിക്ക് ശേഷം ക്ഷണിച്ചവർക്ക് സദ്യ നൽകാനാണ് തീരുമാനം.

content highlight: covid positive man gets married to bride wearing ppe kit.