case-diary-

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ കൊച്ചുകുട്ടികൾ എന്നോ പ്രായമായവരോ എന്നില്ല.പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് ബസിലും മറ്റും പെൺകുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്കിരയാകാറുണ്ട്.. പലപ്പോഴും ഇതിനെതിരെ അതിക്രമത്തിനിരയാകുന്നവർ പ്രതികരിക്കാറുണ്ട്.. എന്നാൽ ഇവർക്ക് എത്രത്തോളം പിന്തുണ മറ്റുള്ളവരിൽ നിന്ന് ലഭിക്കാറുണ്ട്. എന്നതും ചർച്ചാവിഷയമാണ്.. ഇത്തരം ഒരനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് എഴുത്തുകാരി ഫൗസിയ കളപ്പാട്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..

ഫൗസിയ കളപ്പാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് –

നമ്മുടെ നാട്ടിൽ എല്ലാ പെൺകുട്ടികൾക്കും കാണും അവരിൽ ആദ്യമായി പേടിവളർത്തിയ ഒരു പുരുഷനെക്കുറിച്ച് പറയാൻ. ആ പേടിയിൽ നിന്നാണവൾ പുരുഷന്മാരെല്ലാം സ്ത്രീലമ്പടന്മാരെന്ന നിഗമനത്തിലെത്തുന്നത്.

ആലോചിച്ച് ഉണ്ടാകുന്ന ആശങ്കകളെക്കാൾ അപകടകാരിയായി വേറൊന്നുമില്ല
ജീവിതത്തിൽ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളർന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരിൽ ഉണ്ടെന്നറിയുന്നത് പത്രങ്ങളിൽ കാണുന്ന വാർത്തകളിൽ നിന്നായിരുന്നു.

പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസൾറ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളജിൽ അപേക്ഷ കൊടുക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റുഡിയോയിലേക്ക് പോകാനിറങ്ങിയതായിരുന്നു ഞാൻ. മുകളിലത്തെ നിലയിലാണ് സ്റ്റുഡിയോ. മുകളിലേക്കുള്ള പടികൾ തുടങ്ങുന്നിടത്ത് ആദ്യപടിയിൽ കാലെടുത്ത് വെച്ചപ്പോഴാണ് മുകളിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നത് കണ്ടത്. ഒരാൾക്ക് കഷ്ടിച്ച് കയറി പോകാവുന്ന ഇടുങ്ങിയ കോവണി ആയതിനാൽ ഞാൻ മുകളിലേക്ക് കയറാതെ ഒതുങ്ങി നിന്നു. അയാളിലേക്ക് എന്റെ നോട്ടം വീണതും അയാൾ ഉടുമുണ്ടുരിഞ്ഞു.

ഒരു പുരുഷന്റെ നഗ്‌നത ഒരു പെൺകുട്ടിയിൽ ഉണ്ടാക്കിയ പേടി, സുരക്ഷിതമില്ലായ്മ, വളരെ വലുതായിരുന്നു, അലറി കരഞ്ഞു കൊണ്ടോടി വീട്ടിലേക്ക് എത്തിയെങ്കിലും ഒന്നും പറയാനാകാതെ വിറച്ച് വിറച്ചിരുന്നു. ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സർപ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടർന്നു. ഇപ്പോഴും ഏത് കെട്ടിടത്തിന്റെ പടികൾ കയറും മുൻപും ഞാനൊന്ന് അറച്ച് നോക്കും. മുകളിൽ നിന്ന് എന്നെ നോക്കുന്ന വിഷസർപ്പങ്ങളുണ്ടോയെന്ന്.


മുകളിൽ നിന്ന് പുരുഷന്മാർ ഇറങ്ങി വരുന്നത് കണ്ടാൽ കയറി പോകാൻ സ്ഥലം ഉണ്ടെങ്കിലും ഞാനൊന്ന് പതുങ്ങും. ഇറങ്ങി വരുന്നവർ ഞാനെന്ത് ചെയ്തു എന്ന ഭാവത്തിൽ എന്നെ നോക്കും.

മഹാരാജാസിൽ പഠിക്കുമ്പോഴാണ് ബസ്സിലെ യാത്രയിൽ ചിലർ നേരെ നിൽക്കാൻ വയ്യാത്തവരാണെന്ന് മനസ്സിലായത്. അതോടെ കൈ വിരലുകൾക്കിടയിൽ സേ്ര്രഫി പിൻ സ്ഥാനം ഉറപ്പിച്ചു. നേരെ നിൽക്കാൻ വയ്യാതെ ദേഹത്തേക്ക് കുഴഞ്ഞുവീണ പലരും പിന്നുകൊണ്ടുള്ള കുത്തേറ്റ് പിന്നീട് നേരെ നിക്കാൻ പഠിച്ചു. കഴിയുന്നതും പിന്നിലേക്ക് പോവാതെ െ്രെഡവറുടെ നേരെ സൈഡിലുള്ള സീറ്റിനടുത്ത് കമ്പിയിൽ പിടിച്ച് നിൽക്കും. ഇരിക്കാൻ വിദ്യാർത്ഥികൾക്ക് അന്നും ഇന്നും അവകാശമില്ല

യാത്രക്കാരായ പുരുഷന്മാരുടെ ശല്യം ഉണ്ടാകില്ലെങ്കിലും ചില െ്രെഡവർമാർ പലരീതിയിൽ വിഷം ചീറ്റും. മുകളിലെ കമ്പിയിൽ പിടിച്ചു നിൽക്കുന്ന പെൺകുട്ടികളുടെ മാറിടത്തിലേയ്ക്ക് അർത്ഥഗർഭമായ നോട്ടമെറിഞ്ഞ് അയാൾ ഡ്രൈവിംഗ് സീറ്റിന്റെ സൈഡിൽ പിടിപ്പിച്ചിട്ടുള്ള ഹോൺ മുഴക്കി ആവശ്യമില്ലാതെ ശബ്ദമുണ്ടാക്കും. പലപ്പോഴും ദാവണിക്കിടയിലൂടെ അയാളുടെ കണ്ണുകൾ കഴുകനെ പോലെ പായും. ഏറ്റവും ഇഷ്ടമുള്ള ആ വേഷം പിന്നീട് ധരിക്കാൻ മടിയായി. ഡ്രൈവറുടെ അമിതമായ സ്ത്രീ ശ്രദ്ധ മൂലം അപകടങ്ങൾ മുന്നിലൂടെ മിന്നി മാഞ്ഞു പോകുന്നതും മരണത്തിന്റെ കാലൊച്ചകൾ അടുത്തേക്ക് ഓടിയെത്തി വഴിമാറി പോകുന്നതും കണ്ട് ഭയന്ന് വിറച്ചിട്ടുണ്ട്.

പിന്നീട് ഈ വിഷയം ട്രാഫിക് കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്താൻ ഞാനടക്കമുള്ള കുറെ പെൺകുട്ടികൾ ഒപ്പിട്ട നിവേദനം കൊടുക്കുകയും െ്രെഡവറുടെ സീറ്റിന്റെ പരിസരത്തേക്ക് ആർക്കും കടക്കാൻ പറ്റാത്ത വിധം തിരിക്കുകയും ചെയ്തു. അതിന് പ്രചോദനം നൽകി എല്ലാത്തിനും കൂടെ നിന്നതാകട്ടെ പുരുഷ സുഹൃത്തുക്കളും...

ഞാൻ അടുത്തറിഞ്ഞ, മനസ്സിലാക്കിയ പുരുഷസുഹൃത്തുക്കളിൽ ഏറിയവരും മനസ്സിനോട് ചേർന്ന് നിന്ന് സംസാരിക്കുന്നവരായിരുന്നു. അത്തരം പുരുഷന്മാർ കൂട്ടുകാരായും കൂടെ ചേർന്നും ഉള്ളത് കൊണ്ടാവും എനിക്ക് പെൺപക്ഷത്തുനിന്ന് മാത്രം ഒരു കാര്യത്തെയും കാണാനാവാത്തത്.