തിരുവനന്തപുരം: കേരളം സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങുന്ന കാര്യത്തിൽ ഇന്ന് അന്തിമതീരുമാനം ഉണ്ടായേക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഇന്ന് യോഗം ചേരും. വാക്‌സിൻ നിർമ്മാണ കമ്പനികളായ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരുമായി സമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തി. വാക്‌സിന്റെ ലഭ്യതയാണ് പ്രധാനമായും ചർച്ച ചെയ്‌തത്. ഇക്കാര്യത്തിൽ ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാകും ഇന്ന് ചേരുന്ന ഉന്നതസമിതി യോഗത്തിൽ തീരുമാനമുണ്ടാവുക. ആരോഗ്യ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സംസ്ഥാനത്ത് ഓൺലൈൻ രജിസ്റ്റർ ചെയ്‌തെത്തിയ 194427പേർക്കാണ് കഴിഞ്ഞ ദിവസം വാക്‌സിൻ നൽകിയത്. ഇപ്പോൾ ആകെ 330693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുളളത്. ഇതിനിടെ 18 വയസിനും 45വയസിനും ഇടയിലുളളവർക്കുളള വാക്‌സിൻ വിതരണം സ്വകാര്യ മേഖല വഴി കൂടിയാക്കാനുളള കേന്ദ്ര തീരുമാനത്തിൽ എന്ത് നയം കൈക്കൊളളണമെന്ന ആലോചനയിലാണ് സംസ്ഥാന സർക്കാർ. ഒരു ദിവസം ഒരു ലക്ഷം പേർക്ക് വീതം നൽകിയാൽ മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. അതായത് ബുധനാഴ്‌ച കഴിഞ്ഞാൽ വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ സർക്കാരിനൊരു പിടിയുമില്ല.
നിലവിൽ തന്നെ ഓരോ ജില്ലയിലും വാക്‌സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെയുളള രജിസ്ട്രേഷൻ പൂർണമായിട്ടുണ്ട്. ഇനി വാക്‌സിൻ എത്തുന്ന മുറയ്ക്കുമാത്രമേ പുതിയ രജിസ്ട്രേഷൻ തുടങ്ങാൻ കഴയുവെന്ന സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് സ്വന്തം നിലയിൽ വാങ്ങാൻ സംസ്ഥാനസർക്കാർ നിർബന്ധിതമായത്.
യൂത്തിന് വേണം 1100 കോടി
യുവജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത് കുറഞ്ഞത് 1100 കോടി രൂപയാണ്. സംസ്ഥാനത്ത് 18-45 പ്രായവിഭാഗത്തിൽ ഏതാണ്ട് 1.38 കോടി പേരുണ്ട്. ഇവർക്ക് രണ്ട് ഡോസ് വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്. 18-45 പ്രായവിഭാഗത്തിന്റെ വാക്‌സിൻ ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട കൊവിഡ് വാക്‌സിൻ നയത്തോടെ ഈ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സർക്കാരുകളുടെ തലയിലായിരിക്കുകയാണ്. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സർക്കാർ ആശുപത്രികൾക്ക് പ്രഖ്യാപിച്ച, ഡോസിന് 400 രൂപ നിരക്കിൽ വാക്‌സിൻ ലഭിച്ചില്ലെങ്കിൽ ചെലവ് ഇനിയുമുയരാം.
സൗജന്യ വാക്‌സിൻ ഉറപ്പാക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, ഇതിന് 35,000 കോടി രൂപയും വകയിരുത്തി. ആവശ്യാനുസരണം കൂടുതൽ തുക നൽകുമെന്നായിരുന്നു ഉറപ്പ്. ഇ പ്പോൾ വാക്‌സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ച് പാർലമെന്റിന് നൽകിയ ഉറപ്പും ലംഘിക്കപ്പെടുകയാണ്. കൊവിഡിനെതിരായ യുദ്ധത്തിനെന്ന പേരിൽ 12 ലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്ര സർക്കാർ ഈ വർഷം അധികം കടമെടുക്കുന്നത്.
അതേസമയം, പതിനെട്ട് വയസിന് മുകളിലുളളവരുടെ വാക്‌സിനേഷനായി മറ്റന്നാൾ മുതൽ രജിസ്ട്രേഷൻ തുടങ്ങും. മേയ് ഒന്നു മുതൽ കുത്തിവയ്പ്പും തുടങ്ങണം. എന്നാൽ വാക്‌സിൻ സ്വകാര്യ മേഖല വഴിയാകുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കുഴപ്പിച്ചു. കേന്ദ്രം പിന്നീട് തിരുത്തി. ഈ പ്രായത്തിലുളളവർക്ക് വേണ്ട വാക്‌സിൻ സർക്കാർ ആശുപത്രികൾ വഴി സംസ്ഥാനങ്ങൾക്ക് വാങ്ങി വിതരണം ചെയ്യാമെന്ന നിലപാടിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ഇന്നത്തെ സർവകക്ഷി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
വാക്‌സിൻ പൂർണമായും കേന്ദ്രം സൗജന്യമായി നൽകണമെന്ന നിലപാടാണ് സി പി എമ്മിനും കോൺഗ്രസിനുമുളളത്. എന്നാൽ കേന്ദ്രനയം തെറ്റായി വ്യാഖ്യാനിക്കുകയാണ് സംസ്ഥാനം എന്ന് ആരോപിക്കുന്ന ബി ജെ പി, പണംകൊടുത്ത് വാക്‌സിൻ എടുക്കാൻ ശേഷിയുളളവർക്ക് അത്തരത്തിൽ മാർഗനിർദേശം നൽകണമെന്ന് നിർദേശിക്കും.