uk

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിലേക്കുള്ള യു കെയുടെ ആദ്യഘട്ട സഹായം നാളെ എത്തും. നൂറുകണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ചികിത്സാ ഉപകരണങ്ങളുമാണ് യു കെ അയച്ചത്. ഇതു കൂടാതെ 600 ചികിത്സാ ഉപകരണങ്ങള്‍ ഇനിയും ഇന്ത്യയിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ഇന്ത്യയോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ലണ്ടനില്‍ നിന്നും സാധനങ്ങള്‍ കയറ്റി അയച്ചത്.

അതേസമയം ഇന്ത്യക്ക് സഹായവുമായി അമേരിക്കയും രംഗത്ത് വന്നു. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ടു. ഇന്ത്യയെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്നും,അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്ക് സഹായം ഉറപ്പാക്കുമെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു. വാക്സിന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ നേരത്തെ അറിയിച്ചിരുന്നു.