pm-modi-kk-shylaja

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ഡൽഹിയിലെയുമൊക്കെ കാഴ്ചകൾ ഹൃദയം തകർക്കും. പ്രാണവായു കിട്ടാതെ ജനങ്ങൾ പിടഞ്ഞുമരിക്കുന്നു. ഉറ്റവരുടെ ജീവൻ രക്ഷിക്കാനായി ഓക്‌സിജൻ തേടി അലയുന്നു. വിശപ്പ് സഹിക്കാതെ ആഹാര സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ജീവൻ നിലനിർത്താൻ വേണ്ടി മദ്ധ്യപ്രദേശിൽ ഓക്‌സിജൻ സിലിണ്ടറുകൾ മോഷ്ടിക്കപ്പെടുന്നു... ഇങ്ങനെയൊരു ദുരവസ്ഥ നമ്മുടെ രാജ്യത്തുണ്ടാകാൻ എന്താണ് കാരണം? ആരാണ് ഇതിന് ഉത്തരവാദികൾ?

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ, അതായത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരമൊക്കെ ആയിരുന്നപ്പോൾ തന്നെ ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര സർക്കാരിന് ലഭിച്ചിരുന്നു. അതും ഒന്നല്ല, രണ്ട് തവണ. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.


കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതികളിലൊന്നാണ് ഓക്‌സിജൻ ക്ഷാമം വരുമെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനായിരുന്നു ഇത്. ഇനിയുള്ള ദിവസങ്ങളിൽ ഓക്സിജൻ ക്ഷാമമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും, ഉടൻ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയായിരുന്നു രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ 16നായിരുന്നു ഇത്. അന്നത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ മെഡിക്കൽ ഓക്സിജൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. ഓക്സിജന്റെ വില നിയന്ത്രിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയോട് (എൻപിപിഎ) കേന്ദ്രം നിർദേശിച്ചുണ്ടെന്നും 2020 നവംബർ 21നു രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

രാജ്യവ്യാപകമായി 162 ഓക്‌സിജൻ നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ ടെൻഡർ വിളിച്ചിരുന്നു. ഇതിനായി 201.58 കോടി രൂപയും അനുവദിച്ചു. എന്നാൽ ഏപ്രിൽ 18ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 33 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായത്.

അതേസമയം അന്നത്തെ മുന്നറിയിപ്പുകളെല്ലാം ശ്രദ്ധിച്ച് ഉണർന്നു പ്രവർത്തിച്ച ഏക സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഓക്‌സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏകസംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോയും) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ ആർ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങൾക്കും കേരളം ഓക്സിജൻ നൽകുന്നു.

സംസ്ഥാന സർക്കാരിന്റെ ഒരു വർഷം നീണ്ട ആസൂത്രണമാണ് ഈ നേട്ടത്തിന് പിന്നിൽ. എല്ലാ മുന്നിൽക്കണ്ട് പെസോയും സംസ്ഥാന ആരോഗ്യവകുപ്പും ചേർന്ന് പ്രവർത്തിച്ചു. 2020 മാർച്ച് 23നാണ് ഓക്‌സിജൻ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയർ സെപ്പറേഷൻ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ഇതിൽ അഞ്ചെണ്ണം പ്രവർത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്‌സിജൻ ആവശ്യം വരുമെന്നും അവർ സർക്കാരിനെ ബോധ്യപ്പെടുത്തി. ആരോഗ്യവകുപ്പ് വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് ദിവസം 204 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്. കേരളം നമ്പർ 1 ആണെന്ന് പറയുനുള്ള കാരണങ്ങളും ഇതൊക്കെ തന്നെയാണ്.