ലക്‌നൗ: മേയ് ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിൻ വിതരണത്തിനായി ഒരു കോടി ഡോസ് വാക്‌സിൻ ഓർഡർ ചെയ്‌തതായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിന് പുറമേയാണ് ഇതെന്ന് യു പി സർക്കാർ അറിയിച്ചു.
കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെയും അമ്പത് ലക്ഷം ഡോസ് വീതമാണ് യു പി സർക്കാർ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്. മൂന്നാംഘട്ട വാക്‌സിനേഷനായി സമഗ്രമായ പദ്ധതി തയാറാക്കിയതായും സർക്കാർ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങാമെന്ന് കഴിഞ്ഞ പത്തൊമ്പതിനാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
പുതിയ നയം അനുസരിച്ച് അമ്പത് ശതമാനം വാക്‌സിൻ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും. ഇതിനു പുറമേ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങാം. അതേസമയം, പതിനെട്ട് വയസിന് മുകളിലുളള മുഴുവൻ പേർക്കും സൗജന്യമായി കൊവിഡ് പ്രതിരോധമരുന്ന് നൽകാൻ മഹാരാഷ്ട്ര, രാജസ്ഥാൻ സർക്കാരുകൾ തീരുമാനിച്ചു. ഇതിനാവശ്യമായ വാക്‌സിൻ ആഗോള ടെൻഡർ വഴി സംഭരിക്കാനാണ് തീരുമാനം.
കേരളം, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ്, ഗോവ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, അസം, സിക്കിം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്‌മീരുമാണ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചത്.