
കൊച്ചി: സംസ്ഥാനത്ത് രണ്ടാഘട്ട കൊവിഡ് വ്യാപനം ശക്തമായി തുടരവെ എല്ലാ വീടുകളിലും കൃത്യമായി വാങ്ങി സൂക്ഷിക്കേണ്ട ഒരു ഉപകരണമാണ് ഓക്‌സിമീറ്റർ. രക്തത്തിലെ ഓക്‌സിജന്റെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൾസ് ഓക്സി മീറ്ററുകൾ.സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വൈകാതെ ചെറിയ ലക്ഷണമുളളവർ വീടുകളിൽ കഴിയേണ്ടി വരും. ഈ സമയം ഓക്‌സി മീറ്റർ രോഗബാധിതർക്ക് വളരെ അത്യാവശ്യമാണ്.
കൊവിഡ് രോഗമുളളവർക്ക് മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും വരാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ രോഗമുണ്ടാകുമ്പോൾ ശ്വാസകോശത്തിലെ വായുസഞ്ചികളിൽ പഴുപ്പ് വന്ന് നിറയുകയും അതുകാരണം നേരെ ശ്വാസോച്ഛ്വാസം ചെയ്യാനാകാതെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്ന വായുവിന്റെ നിരക്കും അളവും കുറയുന്നു. അങ്ങനെ രക്തത്തിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് ഗുരുതരമായി രോഗിയെ ബാധിക്കുമെന്നതിനാൽ ഓക്‌സിജന്റെ അളവ് ഇടയ്‌ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യമുളള വ്യക്തിക്ക് വേണ്ട ഓക്‌സിജൻ നില 95 ശതമാനത്തിന് മുകളിൽ
ഓക്‌സിജന്റെ അളവ് 90 ശതമാനത്തിന് താഴെയെത്തിയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നാണ് കൊവിഡ് രോഗികൾക്ക് ഡോക്‌ടർമാർ നൽകുന്ന നിർദ്ദേശം. ആരോഗ്യമുളള ഒരു വ്യക്തിക്ക് വേണ്ടത് 95 മുതൽ 100 ശതമാനം വരെ ഓക്‌സിജൻ നിലയാണ്. ഇത് അളക്കേണ്ട ഓക്‌സി മീറ്ററിന് 500 മുതൽ 2000 വരെയാണ് സാധാരണ വില. നഖത്തിന് മുകളിൽ ഘടിപ്പിക്കുമ്പോൾ ഉപകരണങ്ങൾ ഉടൻ തന്നെ ഓക്‌സിജൻ നിരക്ക് കൃത്യമായി രേഖപ്പെടുത്തും.
കിടപ്പിലായവർക്ക് വേണ്ടത് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ
രോഗം ബാധിച്ച് കിടപ്പിലായവരിൽ ചെറിയ അളവിൽ ഓക്‌സിജൻ വേണ്ടവർക്ക് അത് നിയന്ത്രിക്കാൻ ഓക്‌സിജൻ കോൺസൻട്രേറ്റുകൾ വേണം. ഇതിലൂടെ കൃത്യമായ അളവിൽ ഓക്‌സിജൻ ലഭ്യമാക്കാനാകും.
എന്നാൽ സംസ്ഥാനത്ത് ഓക്‌സിമീറ്ററിനും ഓക്‌സിജൻ കോൺസൻട്രേറ്റുകൾക്കും ക്ഷാമമുണ്ട്. മുംബയ്, ഡൽഹി പോലുളള വലിയ നഗരങ്ങളിൽ ഓക്‌സിജൻ ക്ഷാമമുളളതുകൊണ്ട് അവിടേക്ക് ഇവ നൽകേണ്ടതിലാണിത്. 60,000 രൂപ പരമാവധി വിലയായിരുന്നത് ആവശ്യക്കാർ കൂടിയതോടെ ഒരു ലക്ഷം വരെ വില ഈടാക്കുന്നതായും പരാതിയുണ്ട്.