ആഗ്ര: കാറിന് മുകളില്‍ മൃതദേഹം കെട്ടിവച്ച് പിതാവിന് അന്ത്യയാത്ര ഒരുക്കി മകന്‍. മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് മകന്റെ ഈ സാഹസം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവമുണ്ടായത്.
ആഗ്രയില്‍ മാത്രം 24 മണിക്കൂറിനിടെ 600 ഓളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 35 പേര്‍ ഓളം ദിവസവും മരണപ്പെട്ടതായാണ് കണക്ക്. ഇത് നഗരത്തിലെ ശ്മശാനങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ശ്മശാനത്തില്‍ എത്തിക്കാന്‍ ആറു മണിക്കൂറിലധികം സമയം കാത്തിരിക്കേണ്ടി വരുന്നു. പ്രിയപ്പെട്ടവര്‍ക്ക് വേണ്ട വിധം അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ നിരവധി പേരാണ് വിഷമിക്കുന്നത്.
ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊവിഡ് പ്രതിസന്ധിക്ക് കാരണക്കാര്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആഗ്ര ജില്ലാ പ്രസിഡന്റ് റാംഗോപാല്‍ ബാഗോല്‍ ആരോപിച്ചു.