തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ വൻതിരക്ക്. തലസ്ഥാന നഗരിയിലെ പ്രധാന വാക്‌സിൻ വിതരണ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല. വയോധികരടക്കം പൊരിവെയിലത്ത് ക്യൂവിൽ നിൽക്കുകയാണ്. നാളെ മുതൽ പിഴവുകളില്ലാതെ വാക്‌സിൻ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംഭവം വിവാദമായതോടെ വിഷയത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടു. ആൾക്കൂട്ടം ഉണ്ടായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആരോഗ്യമന്ത്രി നിർദേശിക്കുകയായിരുന്നു. ഓൺലൈൻ രജിസ്റ്റർ ചെയ്‌ത് വരുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഇന്നലെ ആരോഗ്യ വകുപ്പ് മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ സമയക്രമം പാലിച്ച് തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തണമെന്ന് മന്ത്രി വ്യക്തമാക്കി.
വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തർക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. പൊലീസെത്തി തിരക്ക് നിയന്ത്രിച്ചു. ടോക്കൺ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്‌സിനെടുക്കാൻ എത്തിയവരിൽ അധികവും അമ്പത് വയസിൽ പ്രായമുളളവരാണ്. പലരും പൊരിവെയിലിൽ ക്ഷീണിതരായിരുന്നു.
രോഗവ്യാപനം തീവ്രമായ എറണാകുളത്തും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയും വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. സ്വകാര്യ ആശുപത്രികളിൽ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ നാളെ തീരും.