തിരുവനന്തപുരം: ഓരോ ജില്ലകളിലേയും കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അറിയുന്നതിന് ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് ജില്ലാ കളക്‌ടർമാരുടെ ഫേസ്ബുക്ക് പേജുകളെയാണ്. കൊവിഡിന്റെ തുടക്കം മുതൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ഇളവുകൾ, കേസുകളുടെ എണ്ണം, സമ്പർക്കപട്ടിക എന്നിവയെല്ലാം കളക്‌ടർമാരുടെ പേജുകളിലാണ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. എന്നാൽ തിരുവനന്തപുരം ജില്ലാ കളക്‌ടറുടെ പേജിന് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലുളള വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.
കളക്‌ടറുടെ പേജിൽ തന്നെ പ്രതിഷേധങ്ങൾ കമന്റുകളായി എത്തുന്നുണ്ടെങ്കിലും വിവരങ്ങൾ അപ്ഡേറ്ര് ചെയ്യുന്നതിൽ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ തലസ്ഥാനത്തെ കളക്‌ടറുടെ പേജ് ഏറെ പിന്നോക്കം പോയിരിക്കുകയാണ്. അയൽ ജില്ലയായ കൊല്ലത്തെ കളക്‌ടറുടെ പേജ് അടക്കം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കളക്‌ടർക്ക് നേരെ വിമർശനങ്ങളുടെ പെരുമഴ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്.
രോഗിയുടെ ലൊക്കേഷൻ ഡീറ്റയിൽസടക്കം രോഗികളുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ പേജിൽ കാണാൻ പോലുമില്ല. ഗോപാലകൃഷ്‌ണൻ കളക്‌ടറായിരുന്നപ്പോൾ കൃത്യമായ വിവരങ്ങളും മറ്റും പങ്കുവച്ചിരുന്ന പേജിന് ഏറെ സ്വീകാര്യത ഉണ്ടായിരുന്നു. എന്നാൽ നവജ്യോത്ഖോസ കളക്‌ടറായ ശേഷം വിവരങ്ങൾ ഏറെയും വൈകിയാണ് പേജിൽ പങ്കുവയ്‌ക്കപ്പെടുന്നത് എന്നാണ് പ്രധാന ആക്ഷേപം.