airport

ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയെ ഇംഗ്ലണ്ട് റെഡ് ലിസ്റ്റില്‍ പെടുത്തിയിരുന്നു. ഇതോടെ യു കെ പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. എന്നാല്‍ സ്വകാര്യ വിമാനത്തില്‍ ഇംഗ്ലണ്ടില്‍ എത്താന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചിരിക്കുകയാണ് ചില ഇന്ത്യന്‍ അതിസമ്പന്നര്‍. 72 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ ഒരു സ്വകാര്യ വിമാനം ചാര്‍ട്ട് ചെയ്യുന്നതിനായി ഇവർ ചിലവാക്കിയത്. നിയന്ത്രണം പ്രബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എട്ടു വിമാനങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലെ ലുടണ്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. മുംബയില്‍ നിന്നും നാലും ഡല്‍ഹിയില്‍ നിന്നും മൂന്നും അഹമ്മദാബാദില്‍ നിന്നും ഒരു വിമാനവുമാണ് ഇത്തരത്തില്‍ ലണ്ടനിലെത്തിയത്.

ഏപ്രില്‍ 24 മുതലാണ് യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിന് മുമ്പ് യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന വിമാന കമ്പനികളുടെ ആവശ്യം നേരത്തെ ഇംഗ്ലണ്ടിലെ വിമാനത്താവളങ്ങള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്പന്നര്‍ക്ക് വേണ്ടി നിലപാടില്‍ വിട്ടുവിഴ്ച വരുത്തിയ വിമാത്താവള അധികൃതരുടെ നടപടി ശ്രദ്ധേയമാകുന്നത്.