cpm

തിരുവനന്തപുരം: നാവായിക്കുളത്ത് പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളം പീഡിപ്പിച്ച സിപിഎം നേതാവും പാർട്ടി ബ്രാഞ്ച് അംഗവും പിടിയിലായി. കല്ലമ്പലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള (44), പാർട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ ഷമീർ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്‌റ്റ് ചെയ്‌തത്.

എട്ടാംക്ളാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടർന്ന് വിവരമറിഞ്ഞ് കുട്ടിയുടെ അടുത്തെത്തിയ സഫറുള‌ള കുട്ടിയെ ഭയപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിലെ മാ‌റ്റം ശ്രദ്ധിച്ച വീട്ടുകാർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്ന് ഇവർ നടത്തിയ കൗൺസിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ഒളിവിൽ പോകാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പള്ളിക്കൽ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, ഗ്രേഡ് എസ് .ഐ ബാബു, എ.എസ്.ഐ അനിൽകുമാർ , സി.പി.ഒ ബിജുമോൻ, ഹോം ഗാർഡ് ശിവശങ്കരപിള്ള എന്നിവരടങ്ങുന്ന സംഘം സാഹസികമായി പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.