തിരുവനന്തപുരം: സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കും. ശനി,ഞായർ ദിവസങ്ങളിലെ മിനി ലോക്ക്ഡൗൺ തുടരും. കച്ചവട സ്ഥാപനങ്ങൾ രാത്രി ഏഴരയ്‌ക്ക് അടയ്‌ക്കും. വോട്ടെണ്ണൽ ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാനും അണികളെ രാഷ്‌ട്രീയ പാർട്ടികൾ നിയന്ത്രിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി.
നിലവിലുളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്. ലോക്ഡൗണിലേക്ക് പോവുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേർന്നത്.
അതേസമയം, രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്‌തിട്ടുണ്ട്.