chennai

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിന് ഉത്തരവാദികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചപ്പോള്‍ കമ്മീഷന്‍ ഇടപെട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികള്‍ നടത്തുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയില്ലെന്നും ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിലയിരുത്തി.

മേയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കണം. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പൊതുജനാരോഗ്യം വളരെയധികം പ്രാധാന്യമുള്ളതാണ്. ഒരു ഭരണഘടനാ സ്ഥാപനത്തെ ഇക്കാര്യം ഓര്‍മപ്പെടുത്തേണ്ടി വരുന്നുവെന്നത് ദുഃഖകരമാണെന്നും ഹൈക്കോടതി ബെഞ്ച് കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിലെ കരൂര്‍ നിയോജക മണ്ഡലത്തില്‍ 77 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്തുമ്പോള്‍ ഇവിടെ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗതാഗതമന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.