കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ കസർത്തുമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു കുട്ടിക്കുറുമ്പി. കുഞ്ഞുങ്ങളുടെ വീഡിയോകൾ ക്ഷണനേരത്തിനുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അവരുടെ ആകർഷകമായ പ്രവൃത്തികൾക്ക് പൊതുവെ കാഴ്ച്ചക്കാർ കൂടുതലാണ്. ഓൺലൈനിൽ വൈറലായ ഇത്തരത്തിലൊരു വീഡിയോ ഇപ്പോൾ 4.5 മില്യണിലധികം കാഴ്ചക്കാരെ നേടി വൈറലായി മാറിയിട്ടുണ്ട്. ഒരു കുഞ്ഞ് ദൈർഘ്യമേറിയ ഇംഗ്ലീഷ് പദങ്ങൾ അനായാസം ഉച്ചരിക്കുന്ന രസകരമായ വീഡിയോയെക്കുറിച്ചാണ് പറഞ്ഞു വന്നത്. വാക്കുകളുടെ ശരിയായ ഉച്ചാരണം പഠിപ്പിക്കാനായി ഒരു യുവതി കൊച്ചു പെൺകുട്ടിയെ ചേർത്ത് നിർത്തിയിരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.
വീഡിയോയ്ക്ക് ആമുഖമായി സംസാരിക്കുന്നതും ഈ യുവതി തന്നെയാണ്. തുടർന്ന് വാക്കുകൾ ആദ്യം യുവതിയും പിന്നീട് കുട്ടിയും പറയുന്നത് കാണാം. ഹിപ്പോപ്പൊട്ടാമസ്, അലുമിനിയം, അബ്സൊല്യൂട്ട്ലി തുടങ്ങിയ വാക്കുകളാണ് ആദ്യം പറയുന്നത്. കുട്ടി ചില വാക്കുകൾ പറയാൻ മടി കാണിക്കുന്നതും വീഡിയോയിൽ കാണാം. ടൈറനോസോറസ് റെക്സ്, ആന്റിഡിസ്റ്റാബ്ലിഷ്‌മെന്റേറിയനിസം തുടങ്ങിയ കടുകട്ടി വാക്കുകൾ രസകരമായി പറയുന്നതാണ് വീഡിയോ കണ്ടവരിൽ പലർക്കും ഏറ്റവും ഇഷ്ടമായത്.
എന്നാൽ, വഴങ്ങാത്ത ചില വാക്കുകളൊക്കെ കുരുന്ന് പറയാൻ ശ്രമിക്കുന്നതും കാണികളിൽ ചിരിപടർത്തുന്നു. 'ടൈറനോസോറസ് റെക്സ്', 'ആന്റിഡിസ്റ്റാബ്ലിഷ്‌മെന്റേറിയനിസം' തുടങ്ങിയ വാക്കുകളൊക്കെ കുഞ്ഞാവ പറയാൻ ബുദ്ധിമുട്ടുന്നുണ്ട്. പക്ഷേ, സംഭവം പാളിപ്പോയി. എങ്കിലും അത് കേൾക്കാൻ നല്ല രസമാണ് എന്നാണ് സൈബർ ലോകത്തിന്റെ വിലയിരുത്തൽ. വീഡിയോയുടെ അവസാന ഭാഗത്ത് കനേഡിയൻ പ്രവിശ്യയായ സസ്‌കാച്ച്യുവാന്റെ പേര് ആവർത്തിക്കാൻ യുവതി ആവശ്യപ്പെടുമ്പോഴും പെൺകുട്ടി വളരെ വിവേകപൂർവ്വം പ്രതികരിക്കുന്നതും വ്യക്തമാണ്.
'ഈ വാക്ക് എങ്ങനെ പറയണമെന്ന് എനിക്കറിയാം, എന്നാൽ ഞാൻ അത് പറയാൻ ആഗ്രഹിക്കുന്നില്ല,'എന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്. കാണികളെ ഒന്നടങ്കം ചിരിപ്പിച്ച മറുപടിയാണിത്. ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ട വീഡിയോയ്ക്ക് ചുരുങ്ങിയ ദിവസത്തിനുള്ളിൽ 4.5 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 3,33,000 ലൈക്കുകളും നേടിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ട്വിറ്ററിൽ ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയെ പരിചയപ്പെടുത്തിയതിന് ചിലർ യുവതിയെ അഭിനന്ദിച്ചു.