cfltc

തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാന ജില്ലയിൽ ആറ് കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി)​ കൂടി തുറക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. ഇതോടൊപ്പം 29 ഡൊമിസിലറി കെയർ സെന്ററുകളും തുറക്കും,​ വിവിധ താലൂക്കുകളിലായി ഇതിനുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം,​ വർക്കല താലൂക്കുകളിൽ ഓരോ സി.എഫ്.എൽ.ടി.സികൾ തുറക്കും. ചിറയിൻകീഴ്,​ നെയ്യാറ്റിൻകര താലൂക്കുകളിൽ രണ്ടെണ്ണവും വീതം തുറക്കും. ഇവിടങ്ങളിൽ 575 കിടക്കകൾ ഉണ്ടാകും. കാട്ടാക്കട,​ നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ആറ് വീതം ഡൊമിസിലറി കെയർ സെന്റററുകൾ ആരംഭിക്കും. തിരുവനന്തപുരം (4)​,​ നെടുമങ്ങാട് (8),​ നെയ്യാറ്റിൻകര (2),​ വർക്കല (3)​ എന്നിങ്ങനെയാണ് മറ്റ് ഡൊമിസിലറി കെയർ സെന്ററുകൾ ആരംഭിക്കുക. ഇവിടങ്ങളിലായി 1451 കിടക്കകളാണ് സജ്ജമാക്കുക. ആംബുലൻസുകളും മറ്റ് മെഡിക്കൽ സൗകര്യങ്ങളും ഈ കെയർ സെന്ററുകളിൽ ഒരുക്കും.

ശനിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയിലെ സി.എഫ്.എൽ.ടി.സികളിലെ 1053 കിടക്കകളിൽ 535 എണ്ണത്തിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് സെക്കൻഡറി ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി 282 കിടക്കകൾ ഒഴിഞ്ഞു കിടപ്പുണ്ട്. കൊവിഡ് ആശുപത്രികളിലെ 805 കിടക്കകളിൽ 642 എണ്ണത്തിൽ രോഗികൾ ചികിത്സയിലുണ്ട്.

 മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ

കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് അതീവഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു,​ കൊവിഡ് ചികിത്സയ്ക്കായി 486 കിടക്കകൾ മാറ്റിവച്ചിട്ടുണ്ടെങ്കിലും അത് 1400 കിടക്കകളായി ഉയർത്താനാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്.എ.ടി ആശുപത്രിയിൽ 300കിടക്കകളുമാണ് സജ്ജമാക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 115ഐ.സി.യു കിടക്കകൾ 200ആക്കി വർദ്ധിപ്പിക്കും. അതിൽ 130 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ളതായിരിക്കും. 227ഓക്‌സിജൻ കിടക്കകൾ 425ആയി വർദ്ധിപ്പിക്കും. പുതിയ ഉപകരണങ്ങൾക്ക് പുറമേ മറ്റാശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റും. 150 നഴ്‌സുമാരെയും 150 ക്ലീനിംഗ് സ്റ്റാഫിനെയും എൻ.എച്ച്.എം വഴി അടിയന്തരമായി നിയമിക്കാനുള്ള നടപടികളും തുടങ്ങി.

കൊവിഡിതര രോഗികൾ സൂപ്പർ സ്‌പെഷ്യാലിറ്റിയിലേക്ക്

കൊവിഡ് ഇതരരോഗികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റും. കൂടാതെ 16,17,18,19 വാർഡുകളിലും ഇത്തരം രോഗികളെ ചികിത്സിക്കും. ഇതോടെ കൊവിഡിതര കിടക്കകൾ 450 ആയി ചുരുങ്ങും. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറൽ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും. കാസ്‌പ് കാർഡുള്ള രോഗികൾക്ക് കാസ്പ് അക്രഡിറ്റഡ് പ്രൈവറ്റ് ആശുപത്രിയിലേക്കും മാറ്റും.