മുംബയ്: രാജ്യത്ത് കൊവിഡ് ചികിത്സയ്‌ക്ക് ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. എന്നാൽ ഈ സമയത്ത് ഓക്‌സിജൻ സിലിണ്ടറുകളെക്കാൾ ആവശ്യമുളളതും അവയെക്കാൾ ദൗർലഭ്യം അനുഭവിക്കുന്നതുമായ ഒരു ഉപകരണമുണ്ട്. ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ. ഒരു കമ്പ്യൂട്ടർ മോണിറ്ററിനെക്കാൾ വലുപ്പം കുറവാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക്. ഓക്‌സിജൻ തെറാപ്പിയുടെ ഭാഗമായി ഏറ്റവും ആവശ്യമുളളതാണിവ. ഹോം ഐസൊലേഷനിലും ആശുപത്രിയിലുമുളളവർക്ക് ഒരുപോലെ ആവശ്യമാണിത്.
നമുക്ക് ചുറ്റുമുളള വായുവിൽ നിന്നും ഓക്‌സിജൻ നിർമ്മിക്കുന്ന യന്ത്രമാണ് ഓക്‌സിജൻ കോൺസൻട്രേറ്റർ. അന്തരീക്ഷത്തിൽ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും മറ്റ് വാതകങ്ങൾ ഒരു ശതമാനവുമാണ്. ഈ വായു വലിച്ചെടുത്ത് അതിൽ നിന്നും നൈട്രജൻ നീക്കി 90 മുതൽ 95 ശതമാനം വരെ ശുദ്ധമായ ഓക്‌സിജൻ പുറത്തുവിടുന്ന യന്ത്രമാണ് ഓക്‌സിജൻ കോൺസൻട്രേറ്റർ. 24 മണിക്കൂറും, ആഴ്‌ചയിൽ ഏഴ് ദിവസവും പ്രവർത്തിപ്പിക്കാവുന്ന യന്ത്രമാണിത്. അഞ്ച് വർഷം വരെ ഇവ പ്രവർത്തിക്കും.
ഓക്‌സിജൻ സിലിണ്ടർ വഴി നൽകുന്ന ഓക്‌സിജൻ 99 ശതമാനവും ശുദ്ധമാണ്. ഇവയുടെയത്ര വരില്ലെങ്കിലും ചെറിയ രോഗ ലക്ഷണമുളളവർക്കും 85 ശതമാനത്തിന് മുകളിൽ ഓക്‌സിജൻ നിലയുളള കൊവിഡ് രോഗികൾക്കും ഇവ നൽകാം. എന്നാൽ ഐ.സി.യുവിൽ കഴിയുന്ന അതീവ ഗുരുതരാവസ്ഥയിലുളളവർക്ക് നൽകാൻ കഴിയില്ല. ഒരു ഓക്‌സിജൻ കോൺസൻട്രേറ്റർ ഉപയോഗിച്ച് രണ്ട് രോഗികൾക്ക് സഹായം എത്തിക്കാൻ കഴിയും. എന്നാൽ ഇത് ചിലപ്പോൾ നിലവിലെ സാഹചര്യത്തിൽ ഇത് അണുബാധയ്‌ക്ക് കാരണമാകുമെന്നതിനാൽ വിദഗ്ദ്ധർ ഈ രീതി ഇന്ത്യയിൽ അനുവദിക്കുന്നില്ല.
അഞ്ച് മുതൽ 10 ലിറ്റർ ഓക്‌സിജനാണ് ഈ ഉപകരണത്തിന് ഒരു മിനിട്ടിൽ പരമാവധി നൽകാനാകുക. എന്നാൽ ഗുരുതര കൊവിഡ് രോഗം ബാധിച്ചവർക്ക് 40 മുതൽ 50 ലിറ്റർ ഓക്‌സിജൻ ആവശ്യമാണ്. അതിനാൽ തന്നെ ലഘുവായ രോഗബാധയുളളവർക്കാണ് ഇവ നല്ലത്. ദ്രവീകരിച്ച ഓക്‌സിജൻ പോലെ പ്രത്യേക കാലാവസ്ഥയിൽ ഇവ പരിചരിക്കേണ്ട, ഓക്‌സിജൻ സിലിണ്ടറിനെ പോലെ ഓക്‌സിജൻ തീർന്നുപോകുകയുമില്ല.
എന്നാൽ വിലയുടെ കാര്യത്തിൽ ഓക്‌സിജൻ കോൺസൻട്രേറ്റർ സിലിണ്ടറുകളെ കടത്തിവെട്ടും. ഓക്‌സിജൻ സിലിണ്ടറുകൾക്ക് 8000 മുതൽ 20,000 വരെ വിലയുളളപ്പോൾ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് 40,000 മുതൽ ഒരുലക്ഷം വരെ വിലയുണ്ട്. എന്നാൽ സിലിണ്ടറുകളെപ്പോലെ എപ്പോഴും നിറയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. ഒരു തവണ വാങ്ങുന്നത് മാത്രമാണ് ഇവയുടെ കാര്യത്തിൽ ചെലവ്.
പ്രതിമാസം 30,000 മുതൽ 40,000 വരെ ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് രാജ്യത്ത് ഇപ്പോൾ വിറ്റുപോകുന്നത്. എന്നാൽ ഇവ നിർമ്മിക്കുന്ന അധികം കമ്പനികൾ ഇന്ന് രാജ്യത്തില്ല.