മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കിരീട പോരാട്ടത്തിൽ പുതിയ ട്വിസ്റ്റ്. നിലവിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയോട് തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി. ജയിച്ചിരുന്നെങ്കിൽ അത്ലറ്റിക്കോയ്ക്ക് കിരീട പോരാട്ടത്തിൽ നിർണായക ആധിപത്യം നേടാമായിരുന്നു. എന്നാൽ അത്ലറ്റിക്കോയുടെ തോൽവി രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ള യഥാക്രമം റയൽ മാഡ്രിഡിന്റേയും ബാഴ്സലോണയുടേയും സെവിയ്യയുടേയും കിരീട പ്രതീക്ഷകളെ ഒന്നു കൂടി സജീവമാക്കിയിരിക്കുകയാണ്.
ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 33 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണുള്ളത്. റയലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 71 പോയിന്റാണുള്ളത്. ബാഴ്സലോണയ്ക്കും 71 പോയിന്റാണുള്ളത് എന്നാൽ റയലിനേയും അത്ലറ്റിക്കോയേയുംകാൾ ഒരു മത്സരം കുറച്ചാണ് ബാഴ്സ കളിച്ചിട്ടുള്ളത് എന്നത് അവർക്ക് പ്ലസ് പോയിന്റാണ്. നാലാം സ്ഥാനത്തുള്ള സെവിയ്യ തുടർച്ചയായ അഞ്ചാം ജയവുമായി 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
അത്ലറ്റിക് ബിൽബാവോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 8-ാം മിനിട്ടിൽ ബെറംഗറുടെ ഗോളിൽ ആതിഥേയർ ലീഡെടുത്തു.
77-ാം മിനിട്ടിൽ സ്റ്റെഫാൻ സാവിച്ചിവന്റെ ഗോളിൽ അത്ലറ്റിക്കോ സമനില പിടിച്ചു. എന്നാൽ 86-ാം മിനിട്ടിൽ മാർട്ടിനസ് നേടിയ ഗോളിൽ ബിൽബാവോ വിജയം ഉറപ്പിക്കുകയായിരുന്നു. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണവർ.