ഭൂഖണ്ഡങ്ങള്‍ താണ്ടിയൊരു ഒരു ബസ് യാത്ര സ്വപ്‌നം കാണുന്ന സഞ്ചാരികളെ സംബന്ധിച്ച് ഡല്‍ഹി ടു ലണ്ടന്‍ ബസ് യാത്ര പ്രഖ്യാപനം മുതല്‍ തന്നെ വളരെ വലിയ പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കിയത്. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായതോടെ ഈ യാത്ര ഇനിയും നീണ്ടു പോകുമെന്ന കാര്യം ഉറപ്പായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും അതിര്‍ത്തികള്‍ അടയുകയാണ്. റെഡ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലോകത്തിന്റെ പല രാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ഈ വര്‍ഷം മേയില്‍ ആരംഭിക്കാനിരുന്ന യാത്ര വീണ്ടും നീട്ടാന്‍ ട്രാവല്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
ഒന്നാം കൊവിഡ് തരംഗം ശക്തമായിരുന്ന കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഗുരുഗ്രാം ആസ്ഥാനമായ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന കമ്പനി ഭൂഖണ്ഡങ്ങള്‍ പിന്നിട്ടു റോഡ് മാര്‍ഗമുള്ള യാത്ര എന്ന ആശയം അവതരിപ്പിച്ചത്. ഇതിന് പ്രതിസന്ധികളും ഏറെയായിരുന്നു. നീണ്ടയാത്രക്ക് അനുയോജ്യമായ സുരക്ഷാ ക്രമീകരണമാണ് ഇതില്‍ ഏറ്റവും ആദ്യത്തേത്. വിവിധ രാജ്യങ്ങള്‍ക്കിടയിലെ കരമാര്‍ഗമുള്ള അതിര്‍ത്തികള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കിട്ടുക എന്നതായിരുന്നു രണ്ടാമത്തെ പ്രശ്‌നം. ഇവയോടൊപ്പം കൊവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ 2021 മേയില്‍ ഡല്‍ഹി ലണ്ടന്‍ ബസ് യാത്ര സാദ്ധ്യമാവുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായത് കമ്പനിയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു. ഇതോടെ പ്രതികൂല സാഹചര്യം മുന്‍നിര്‍ത്തി ഡല്‍ഹി ലണ്ടന്‍ ബസ് യാത്രയുടെ ആദ്യ പതിപ്പ് 2022 ഏപ്രിലിലേക്കു നീട്ടിവയ്ക്കുകയാണെന്ന് അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ അറിയിച്ചു. യാത്രികരുടെയും ജീവനക്കാരുടെയും പങ്കാളികളുടെയുമൊക്കെ ആരോഗ്യവും സുരക്ഷയും സുപ്രധാനമാണെന്നു കമ്പനി അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ യാത്ര മാറ്റി വയ്ക്കുക മാത്രമാണ് പോംവഴിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ആറു പതിറ്റാണ്ടിലേറെ കാലം മുമ്പ് 1957ല്‍ നടന്ന ലണ്ടന്‍ കല്‍ക്കട്ട ബസ് യാത്രയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് പുതിയ സംരംഭത്തിനു പദ്ധതി തയാറാക്കിയത്. ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്ന ബസ് ഇംഫാല്‍ വഴി മ്യാന്‍മാറില്‍ പ്രവേശിക്കുമെന്നായിരുന്നു സംഘാടകരുടെ ആദ്യ പ്രഖ്യാപനം. അവിടെ നിന്നു തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ വഴി കസാക്ക്സ്ഥാനിലെത്തും. തുടര്‍ന്ന് റഷ്യയുടെ യൂറോപ്യന്‍ ഭാഗത്തു പ്രവേശിക്കുന്ന ബസ് ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ പിന്നിട്ട് ഇംഗ്ലീഷ് ചാനലും മറികടന്നാവും യു കെ തലസ്ഥാനമായ ലണ്ടനിലെത്തുക.
ഡല്‍ഹി ലണ്ടന്‍ ബസ് യാത്ര പൂര്‍ത്തിയാക്കാന്‍ 70 ദിവസം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, മുഴുവന്‍ ദൂരം യാത്ര ചെയ്യുന്നതിനു പകരം വ്യത്യസ്ത ഘട്ടങ്ങളിലെ ഹ്രസ്വദൂര യാത്രകളില്‍ പങ്കാളിയാവാനും അവസരം നല്‍കിയിരുന്നു. അത്തരത്തില്‍ 12 മുതല്‍ 22 ദിവസം വരെ നീളുന്ന പാക്കേജുകളാണ് പരിഗണനയിലുണ്ടായിരുന്നത്.